വാക്‌സിനേഷന്റെ വേഗത വര്‍ദ്ധിപ്പിക്കണം; സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി

single-img
6 May 2021

രാജ്യമാകെ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്‌സിനേഷന്‍ നടത്തുന്നതിന്റെ വേഗത വര്‍ദ്ധിപ്പിക്കണമെന്നും, സംസ്ഥാനങ്ങള്‍ വാക്‌സിനേഷന്റെ വേഗത കുറയുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരമാവധി ലോക്ഡൗണിനിടയിലും ജനങ്ങള്‍ക്ക് വാക്‌സിന്‍ കുത്തിവെയ്പ്പിനുള്ള സൗകര്യങ്ങള്‍ ഒരുക്കുവാനും വാക്‌സിനേഷന്റെ ഭാഗമായ ആരോഗ്യപ്രവര്‍ത്തകരെ മറ്റു ചുമതലകളിലേക്ക് മാറ്റരുതെന്നും പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു.

ഇതോടൊപ്പം തന്നെ റെംഡെസിവിര്‍ ഉള്‍പ്പെടെയുള്ള മരുന്നുകളുടെ ഉത്പാദനം അതിവേഗം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചും മോദി യോഗത്തില്‍ വിശദീകരിച്ചു. രാജ്യത്തിന്റെ ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് സഹായവും മാര്‍ഗനിര്‍ദേശവും നല്‍കണമെന്ന് പ്രധാനമന്ത്രി മന്ത്രിമാരോടും ഉദ്യോഗസ്ഥരോടുംആഹ്വാനം ചെയ്തു.

യോഗത്തില്‍ കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, നിര്‍മലാ സീതാരാമന്‍, ഹര്‍ഷ വര്‍ധന്‍, പീയൂഷ് ഗോയല്‍ തുടങ്ങിയ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.