നാല് ലക്ഷം കടന്ന് പുതിയ കേസുകള്‍; 3,980 മരണങ്ങള്‍; രാജ്യം പ്രതിസന്ധിയിലേക്ക്

single-img
6 May 2021

നാല് ലക്ഷം കവിഞ്ഞു രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ. 4,12,262 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 3,980 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 57,640 കേസുകളാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്.

കര്‍ണാടകത്തില്‍ 50,112 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മൂന്നാം സ്ഥാനത്ത് കേരളമാണ്. 41,1953 പേര്‍ക്കാണ് കേരളത്തില്‍ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്. ഉത്തര്‍പ്രദേശില്‍ 31,111 പേര്‍ക്കും തമിഴ്നാട്ടില്‍ 23,310 പേര്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കേസുകളിലെ 49.52 ശതമാനവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. പ്രതിദിന കൊവിഡ് മരണനിരക്കിലും മുന്‍പില്‍ മഹാരാഷ്ട്രയാണുള്ളത്. 920 പേരാണ് ഇവിടെ രോഗബാധിതരായി മരിച്ചത്.

അതേസമയം രാജ്യത്ത് പിടിമുറുക്കിയിരിക്കുന്ന കൊവിഡ് രണ്ടാംതരംഗം വരുന്ന ആഴ്ചകളില്‍ കൂടുതല്‍ ഗുരുതരമാകുമെന്ന പഠന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. നിലവിലത്തേതിനെക്കാള്‍ മരണനിരക്ക് ഉയരുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ബെംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് നടത്തിയ പഠനത്തിലാണ് കൊവിഡ് മരണനിരക്ക് ഇനിയും ഉയരുമെന്ന കണ്ടെത്തല്‍.

നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ ജൂണ്‍ 11 ഓടെ 404000 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുമെന്നാണ് ഈ പഠനത്തില്‍ പറയുന്നത്. രാജ്യത്തെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ പാലിക്കേണ്ട സാഹചര്യമാണിതെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടി.