കോവിഡ് നിയന്ത്രണത്തിലെ വീഴ്ചകൾ ചോദ്യം ചെയ്യുന്ന ട്വീറ്റുകൾ ട്വിറ്ററിനെക്കൊണ്ട് നീക്കം ചെയ്യിച്ച് കേന്ദ്രസർക്കാർ

single-img
25 April 2021

രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളുന്നയിച്ച അൻപതോളം ട്വീറ്റുകൾ നീക്കം ചെയ്ത് ട്വിറ്റര്‍. ഈ ട്വീറ്റുകള്‍ രാജ്യത്തെ ഐടി നിയമത്തിനെതിരാണെന്ന് കാട്ടി കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചതിനു പിന്നാലെയാണ് ട്വിറ്ററിന്റെ തീരുമാനം.

പാര്‍ലമെന്റഗം രെവന്ത് റെഡ്ഡി, പശ്ചിമ ബംഗാളിലെ മന്ത്രി മൊളൊയ് ഖട്ടക്, നടന്‍ വിനീത് കുമാര്‍ സിംഗ്, ഫിലിം മേക്കേര്‍ അവിനാശ് ദാസ് തുടങ്ങിയവരുടെ ട്വീറ്റുകളാണ് നീക്കം ചെയ്തത്. രാജ്യത്തെ കൊവിഡ് പ്രതിസന്ധിയും വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനു വീഴ്ച പറ്റിയെന്നും പറയുന്ന ട്വീറ്റുകളായിരുന്നു ഇവ. ഇന്ത്യന്‍ സര്‍ക്കാര്‍ പറയുന്നതു പ്രകാരം രാജ്യത്തെ ഐടി നിയമ ലംഘനമാണ് ഈ ട്വീറ്റുകളന്നാണ് ട്വിറ്റര്‍ ഇവര്‍ക്കയച്ചിരിക്കുന്ന നോട്ടീസില്‍ പറയുന്നത്.

ഇന്ത്യന്‍ ഐടി ആക്ട് 2000 പ്രകാരം ട്വീറ്റുകള്‍ക്കെതിരെ നടപടിെടുക്കണമെന്നാണ് കേന്ദ്രം ട്വിറ്ററിനയച്ച നോട്ടീസില്‍ പറയുന്നത്. ഏപ്രില്‍ 22 നും 23 നും ഇടയില്‍ വന്ന പത്ത് ട്വീറ്റുകളില്‍ നടപടിയെടുക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടത്. ഇവയില്‍ ചില ട്വീറ്റുകളാണ് ട്വിറ്റര്‍ നീക്കം ചെയ്തത്.

ഈ വർഷമാദ്യം കർഷകസമരവുമായി ബന്ധപ്പെട്ട് സർക്കാരിനെ വിമർശിക്കുന്ന ട്വീറ്റുകൾ നീക്കം ചെയ്യണമെന്ന് ട്വിറ്ററിനോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. ആദ്യം ഇതിന് വിസമ്മതിച്ചെങ്കിലും ട്വിറ്റർ ഇന്ത്യയുടെ ജീവനക്കാരെ അറസ്റ്റ് ചെയ്യുമെന്നടക്കം സർക്കാർ ഭീഷണി മുഴക്കിയതിനെത്തുടർന്ന് ട്വിറ്റർ വഴങ്ങുകയായിരുന്നു.

Twitter removes, curbs access to several posts regarding covid 19 management failure, flagged by government