കോവിഡ് ആശങ്ക; ഇന്ത്യയ്ക്ക് സഹായവുമായി സിംഗപ്പൂര്‍

single-img
25 April 2021

കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയ്ക്ക് സഹായഹസ്തവുമായി സിംഗപ്പൂര്‍.ദ്രവീകൃത ഓക്‌സിജന്‍ സൂക്ഷിക്കാനുള്ള ക്രയോജെനിക് കണ്ടെയ്‌നറുകളുമായി സിംഗപ്പൂരില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേനയുടെ വിമാനമെത്തി. നാല് കണ്ടെയ്‌നറുകളാണ് ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. വൈകീട്ടോടെയാണ് കണ്ടെയ്‌നറുകള്‍ വഹിച്ചുള്ള വിമാനങ്ങള്‍ ബംഗാളിലെ പനാഗഡ് വ്യോമതാവളത്തില്‍ എത്തിയത്. പ്രതിദിന രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളും വലിയ ഓക്‌സിജന്‍ ക്ഷാമമാണ് നേരിടുന്നത്. ഇതിനിടെയാണ് സിംഗപ്പൂര്‍ ക്രയോജെനിക് കണ്ടെയ്‌നറുകള്‍ നല്‍കിയിരിക്കുന്നത്. ഇത് നിലവിലെ ഓക്‌സിജന്‍ പ്രതിസന്ധിയ്ക്ക് ആശ്വാസമാകും. ഓക്‌സിജന്‍ ക്ഷാമം മൂലം നിരവധി പേരാണ് മരിക്കുന്നത് എന്നത് രാജ്യം ആശങ്കയോടെയാണ് കാണുന്നത്.

കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് ലോകരാജ്യങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്. നിലവിലെ പ്രതിസന്ധി മറി കടക്കാന്‍ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുമെന്ന് ഫ്രാന്‍സും, ഓസ്‌ട്രേലിയയും പ്രഖ്യാപിച്ചിരുന്നു. അതേ സമയം ഇന്ത്യയിലെ ഓക്‌സിജന്‍ പ്രതിസന്ധി രൂക്ഷമായ സംസ്ഥാനങ്ങള്‍ക്ക് കേരളവും ഓക്‌സിജന്‍ നല്‍കുന്നുണ്ട്.