കോവിഡ് ബാധിതര്‍ക്ക് ഓക്‌സിജന്‍ നിരസിക്കുന്നവരെ തൂക്കിക്കൊല്ലാന്‍ മടിക്കില്ല; ജനങ്ങളെ ഇങ്ങനെ മരിക്കാന്‍ വിടാനാവില്ല: ഡൽഹി ഹൈക്കോടതി

single-img
24 April 2021

ന്യൂഡല്‍ഹി: കോവിഡ് ബാധിതര്‍ക്ക് ഓക്‌സിജന്‍ നിരസിക്കുന്നവരെ തൂക്കിക്കൊല്ലാനും മടിക്കില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹിക്ക് ലഭിക്കേണ്ട ഓക്‌സിജന്‍ എപ്പോഴാണ് ലഭിക്കുകയെന്ന് വ്യക്തമാക്കണമെന്നും കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കോവിഡ് രോഗികള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ ലഭ്യമാകുന്നില്ലെന്ന് കാണിച്ച് മഹാരാജ അഗ്രസെന്‍ ആശുപത്രി നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു കേന്ദ്ര സര്‍ക്കാരിന് എതിരായ കോടതിയുടെ വിമര്‍ശനം.

ഓക്‌സിജന്‍ തടസ്സപ്പെടുത്തുന്നത് ഏതൊരു കേന്ദ്ര, സംസ്ഥാന, തദ്ദേശ ഭരണകൂട ജീവനക്കാരനായിരുന്നാലും അയാളെ തൂക്കിക്കൊല്ലാനും മടിക്കില്ലെന്ന് കോടതി പറഞ്ഞു. ആരെയും വെറുതെ വിടില്ല. ഡല്‍ഹിക്ക് പ്രതിദിനം 480 മെടിക് ടണ്‍ ഓക്‌സിജന്‍ ലഭ്യമാക്കുമെന്ന് കേന്ദ്രം ഉറപ്പുതന്നിരുന്നതാണ്. എപ്പോഴാണ് അത് ലഭിക്കുകയെന്ന് വ്യക്തമാക്കണം. കൃത്യമായ ഒരു തീയ്യതി അറിയണം. ഡല്‍ഹിക്ക് ഇതുവരെ 480 മെട്രിക് ടണ്‍ ഓക്‌സിജന്‍ കിട്ടിയിട്ടില്ല എന്നതാണ് വസ്തുത. ജനങ്ങളെ ഇങ്ങനെ മരിക്കാന്‍ വിടാനാവില്ല, കോടതി പറഞ്ഞു.

ഇത് കോവിഡിന്റെ രണ്ടാം തരംഗമല്ല, ഇതൊരു സുനാമിയാണ്. ഇപ്പോഴും രോഗബാധ അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയിട്ടില്ല. മേയ് പകുതിയോടെ അത് പരമാവധിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരുംദിവസങ്ങളില്‍ രോഗബാധ കുത്തനെ ഉയര്‍ന്നേക്കാം. ആ സാഹചര്യത്തെ നേരിടുന്നതിന് ഏതുവിധത്തിലാണ് നമ്മള്‍ തയ്യാറെടുത്തിരിക്കുന്നത്, കോടതി കേന്ദ്ര സര്‍ക്കാരിനോട് ആരാഞ്ഞു.

രാജ്യം ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ശ്വാസംമുട്ടുകയാണെന്ന് രാജ്യം നേരിടുന്ന ഓക്‌സിജന്‍ ക്ഷാമം ചൂണ്ടിക്കാട്ടി ഹർജിക്കാർ കോടതിയില്‍ പറഞ്ഞു.

“Will Hang That Man”: Delhi High Court On Anyone Obstructing Oxygen Supply