ഉമര്‍ ഖാലിദിനെ മാത്രം നീണ്ടകാലമായി തടവില്‍ പാര്‍പ്പിക്കുന്നത് ശരിയല്ല; ജാമ്യം അനുവദിച്ച് കോടതി

single-img
15 April 2021

ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഒരു കേസില്‍ ആക്ടിവിസ്റ്റായ ഉമർ ഖാലിദിന് 20,000 രൂപ ബോണ്ടും ഒരു ആൾ ജാമ്യം വ്യവസ്ഥയിലും ജാമ്യം ലഭിച്ചു. ഗജൂരി ഖാസിലെ കേസിലാണ് ഇപ്പോള്‍ ജാമ്യം ലഭിച്ചിരിക്കുന്നത്. ലൈവ് ലോ ഓൺലൈൻ റിപ്പോര്‍ട്ട് പ്രകാരം കേസില്‍ ആളുകളെ സംഘടിപ്പിച്ചതും കലാപത്തിന് പ്രേരിപ്പിച്ചതുമായ വ്യക്തികളെ ഇനിയും കണ്ടെത്താനും, അറസ്റ്റ് ചെയ്യാനും ഉണ്ടെന്നിരിക്കെ ഉമര്‍ ഖാലിദിനെ മാത്രം നീണ്ടകാലമായി തടവില്‍ പാര്‍പ്പിക്കുന്നത് ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു.

ഡൽഹിയിലെ ഭരണകക്ഷിയായ ആം ആദ്മി പുറത്താക്കിയ മുന്‍ കൌണ്‍സിലര്‍ താഹിർ ഹുസൈൻ അടക്കം പതിനഞ്ചോളം പേർ ഉൾപ്പെട്ട കേസിലാണ് ഉമറിന് ഇപ്പോൾ ജാമ്യം ലഭിച്ചത്. ഒക്ടോബർ ഒന്നിനായിരുന്നു ഉമർ ഖാലിദ് അറസ്റ്റിലാവുന്നത്. കലാപത്തിന് പദ്ധതിയിട്ടെന്ന പേരിൽ സെപ്തംബറിൽ ഉമറിന് മേൽ യു എ പി എ ചുമത്തിയിരുന്നു.

തുടർന്ന് നവംബർ 22 നാണ് ഉമർ ഖാലിദ്, വിദ്യാർഥി നേതാക്കളായ ഷർജീൽ ഇമാം, ഫൈസാൻ ഖാൻ എന്നിവർക്കെതിരെ ഡൽഹിപൊലീസ് 200 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. ഉമര്‍ ഖാലിദ് ജയില്‍ മോചിതനാകുമ്പോള്‍ ഫോണില്‍ ആരോഗ്യസേതു ആപ്പ് ഡൌണ്‍ലോഡ് ചെയ്യണമെന്നും നിര്‍ദേശിക്കുന്നതായി ബാര്‍ ആന്‍റ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു.