പ്രതീക്ഷയുടെ കണികണ്ടുണര്‍ന്ന് മലയാളികള്‍

single-img
14 April 2021

ഐശ്വര്യത്തിന്റെ വിഷുപ്പുലരിയെത്തി…. കണിവെള്ളരിയും കൃഷ്ണവിഗ്രഹവും കണിക്കൊന്നയും കണികൊണ്ട് ഐശ്വര്യസമൃദ്ധമായൊരു വര്‍ഷത്തിലേക്ക് കണ്‍തുറന്നു. മേടമാസമടുത്താല്‍ പിന്നെ പാടത്തും തൊടിയിലുമെല്ലാം സ്വര്‍ണ്ണവര്‍ണ്ണമാണ്. സമൃദ്ധിയുടെ സൂചകങ്ങളായ കണിക്കൊന്നയും കണിവെള്ളരിയും. കണിക്കാഴ്ചകളെയൊന്നാകെ ഓട്ടുരുളിയില്‍ നിറയ്ക്കുന്നതോടെ കണിയൊരുക്കമായി. കാര്‍ഷിക സംസ്‌കാരത്തിന്റെ പ്രതീകമാണ് വിഷു.

കണിക്കൊന്നയും കണിവെള്ളരിയും, തെളിഞ്ഞ നിലവിളക്കും ചേരുന്ന സമൃദ്ധിയുടെ മഞ്ഞ നിറം പകര്‍ന്നാണ് ഓരോ വിഷുക്കാലവും കടന്നു പോകുന്നത്.

വിഷും നന്മയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമാണ്. പുലര്‍ച്ചെ കണി കാണുമ്പോള്‍ ഓട്ടുരുളിയിലെ ഫലസമൃദ്ധിപോലാവണേ വര്‍ഷം മുഴുവന്‍ എന്ന പ്രാര്‍ഥനയാണ്. വാല്‍ക്കണ്ണാടിയിലൂടെ കാണുന്ന താന്‍ തന്നെയാണ് നിധിയും കണിയും എന്ന തിരിച്ചറിവായിരിക്കും ഹൃദയം നിറയെ. കണി കണ്ട് കൈനീട്ടം വാങ്ങും. നല്ല നാളെയെന്ന പ്രതീക്ഷയുമായി പൂത്തിരികള്‍.

ഇ വാര്‍ത്ത വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ വിഷുവാശംസകള്‍