ഉപയോഗിച്ച മാസ്കുകള്‍ നിറച്ച് കിടക്ക നിര്‍മ്മാണം; ഫാക്ടറിയും പൂട്ടിച്ച് ഉടമയ്ക്കെതിരെ കേസുമെടുത്ത് പോലീസ്

single-img
12 April 2021

കോവിഡ് പ്രതിരോധഭാഗമായി ഉപയോഗിച്ച ഫേസ് മാസ്ക് പിന്നീട് ഉള്ളില്‍ കുത്തിനിറച്ച് കിടക്ക നിർമ്മാണം നടത്തിയ ഫാക്ടറി പോലീസ് പൂട്ടിച്ചു. മഹാരാഷ്ട്രയില്‍ ജാല്‍ഗാവ് ജില്ലയിലാണ് സംഭവം നടന്നത്.ഇവിടെ പ്രവര്‍ത്തിക്കുന്ന കിടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ നിയമവിരുദ്ധമായ ചില പ്രവര്‍ത്തനങ്ങൾ നടക്കുന്നതായി ചിലർ മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേഷന്‍ അധികൃതരെ അറിയിക്കുകയായിരുന്നു.

ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. പലരില്‍നിന്നായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേഷന്‍ അധികൃതർ ഫാക്ടറി സന്ദര്‍ശിച്ചപ്പോഴാണ് ഇവിടെ ആളുകള്‍ ഉപയോഗിച്ച മാസ്കുകൾ കിടക്ക നിർമാണത്തിനായി സൂക്ഷിച്ചിരിക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.

ഇതോടൊപ്പം തന്നെ ഉപയോഗിച്ച മാസ്കുകള്‍ നിറച്ച് നിര്‍മ്മിച്ച നിരവധി കിടക്കകളും ഉദ്യോഗസ്ഥർ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ഫാക്ടറിയുടെ ഉടമയ്ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും സംഭവ സ്ഥലത്ത് നിന്നും അധികൃതർ കണ്ടെത്തിയ ഉപയോഗിച്ച മാസ്കുകൾ പിന്നീട് കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു.