യുപിയില്‍ കൊവിഡ് വാക്‌സിന് പകരം കുത്തിവെച്ചത് പേവിഷബാധക്കുള്ള റാബിസ് വാക്‌സിൻ

single-img
9 April 2021

യുപിയില്‍ കൊവിഡ് വാക്‌സിൻ സ്വീകരിക്കാന്‍ വന്ന സ്ത്രീകൾക്ക് പേവിഷബാധ പ്രതിരോധിക്കുന്നതിനുളള റാബിസ് വാക്‌സിൻ കുത്തിവച്ചു. സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ ഭാഗമായ ശാമലി മേഖലയിലെ പൊതുജനാരോഗ്യ കേന്ദ്രത്തിൽ വാക്‌സിനെടുക്കാൻ എത്തിയവർക്കാണ് ഈ ദുരനുഭവം.

മരുന്ന് മാറി കുത്തിവയ്‌പ്പെടുത്ത മൂന്നുപേരും അറുപത് വയസിന് മുകളിൽ പ്രായമുളളവരാണ്. വിവരം പുറത്ത് അറിഞ്ഞതോടെ സംഭവത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.പേവിഷ ബാധയ്ക്കുള്ള റാബിസ് വാക്‌സിൻ കുത്തിവയ്‌പ്പെടുത്ത മൂന്നുപേരിൽ ഒരാൾ പാർശ്വഫലങ്ങൾ നേരിട്ടതോടെ സ്വകാര്യ ആശുപത്രിയിലെത്തിയതിനെ തുടര്‍ന്നാണ്‌ സംഭവം പുറത്തായത്.

ഇയാള്‍ വാക്‌സിൻ സ്വീകരിച്ചതിന്റെ കുറിപ്പ് ഡോക്ടർ നോക്കിയപ്പോള്‍ കൊവിഡ് വാക്‌സിനു പകരം റാബിസ് വാക്‌സിൻ കുത്തിവയ്‌ച്ചതായി തിരിച്ചറിയുകയായിരുന്നു.വാക്സിന്‍ സ്വീകരിച്ചവര്‍ \ തെറ്റായ വരിയിൽ നിൽക്കുകയും കുത്തിവയ്‌പ്പെടുക്കാൻ സ്വയം ആവശ്യപ്പെടുകയും ചെയ്തതാണ് പിഴവിന് കാരണമായതെന്നാണ് നിലവില്‍ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ.

ഒരുപക്ഷെ ഇത് വാക്സിനേഷന്‍ സെന്ററിലെ ഫാർമസിസ്റ്റിന് വന്ന പിഴവായിരിക്കാമെന്നും തെറ്റായ വരിയിൽ നിന്നെങ്കിലും റാബിസ് വാക്‌സിൻ നൽകാനുളള തീരുമാനത്തിൽ അവർ എങ്ങനെ എത്തിയെന്നും ജില്ലാ മജിസ്‌ട്രേറ്റ് ജസ്‌പ്രീത് കൗർ ചോദിക്കുകയും സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനോടും അഡീഷണൽ ചീഫ് മെഡിക്കൽ ഓഫീസറോടും ജില്ലാ മജിസ്‌ട്രേറ്റ് ആവശ്യപ്പെടുകയും ചെയ്തു.