ബന്ധു നിയമന വിവാദം; കെടി ജലീലിന് മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് ലോകായുക്ത

single-img
9 April 2021

സംസ്ഥാനത്ത് ഏറെ രാഷ്ട്രീയ വിവാദമായി മാറിയ ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെടി ജലീലിനെതിരെ രൂക്ഷമായ പരാമര്‍ശങ്ങളുമായി ലോകായുക്ത. വിവാദത്തില്‍ കെ ടി ജലീല്‍ കുറ്റക്കാരനെന്നും മന്ത്രി സ്ഥാനത്ത് അദ്ദേഹത്തിന് തുടരാന്‍ അര്‍ഹതയില്ലെന്നും ലോകായുക്ത ഉത്തരവില്‍ചൂണ്ടിക്കാട്ടി.

ജലീല്‍ സ്വജന പക്ഷപാതം കാണിച്ചതായും സത്യപ്രതിജ്ഞാ ലംഘനം നടത്തിയ കെ ടി ജലീലിന് മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ഉത്തരവില്‍ പറയുന്നു. അതുകൊണ്ടുതന്നെ ജലീലിനെതിരെ മുഖ്യമന്ത്രി യുക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് ലോകായുക്ത ഡിവിഷന്‍ ബെഞ്ചിന്റെ വിധിയില്‍ പറയുന്നത്. സംസ്ഥാന ന്യൂനപക്ഷ കോര്‍പറേഷന്റെ ജനറല്‍ മാനേജര്‍ നിയമനവുമായി ബന്ധപ്പെട്ടാണ് വിധി വന്നിരിക്കുന്നത്.

മന്ത്രിയുടെ ബന്ധുകൂടിയായ കെ ടി അദീപിന് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍ ആയി നിയമിച്ചതാണ് വിവാദത്തിനിടയാക്കിയത്. മന്ത്രിക്കെതിരെ വി കെ മുഹമ്മദ് ഷാഫി എന്നയാളാണ് പരാതി നല്‍കിയിരിക്കുന്നത്.ലോകായുക്ത റിപ്പോര്‍ട്ട് ഉടന്‍തന്നെ മുഖ്യമന്ത്രിക്ക് കൈമാറും.