രാഷ്ട്രീയ കൊലപാതകത്തോടുള്ള പകവീട്ടൽ; ടി പിയുടെ ശബ്ദം സഭയിലെത്തിക്കും: കെ കെ രമ

single-img
18 March 2021

ടി.പി ചന്ദ്രശേഖരന്റെ ജനാധിപത്യത്തിനായുള്ള ശബ്ദം നിയമസഭയിലെത്തിക്കാനാണ് താന്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ ഭാര്യയും വടകരയിലെ ആര്‍.എം.പി സ്ഥാനാര്‍ഥിയുമായ കെ.കെ രമ. രാഷ്ട്രീയ കൊലപാതകത്തോടുള്ള പകവീട്ടലാണ് തന്റെ സ്ഥാനാര്‍ഥിത്വമെന്നും രമ പറഞ്ഞു. 

രാജ്യം മുഴുവന്‍ കോണ്‍ഗ്രസുമായി സഖ്യത്തിലിരിക്കുന്ന ഇടതുപക്ഷത്തിന് കേരളത്തില്‍ മാത്രം കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ അര്‍ഹതയില്ലെന്നും കെ.കെ രമ പറഞ്ഞു. വടകരയില്‍ പുതിയ ചരിത്രം കുറിക്കുമെന്നും മത്സരിക്കാന്‍ വ്യക്തിപരമായി താത്പര്യപ്പെടാത്തതിനാല്‍ ആര്‍എംപിയിലുണ്ടായ ആശയക്കുഴപ്പമാണ് സ്ഥാനാര്‍ഥിത്ഥ്വം വൈകാന്‍ കാരണമെന്നും അവര്‍ വ്യക്തമാക്കി. 

അഖിലേന്ത്യാ അടിസ്ഥാനത്തില്‍ വര്‍ഗീയ ഫാസിസത്തിനെതിരേയുള്ള വിശാലമായ മതേതര ജനാധിപത്യ സഖ്യം ഉയര്‍ന്നുവരേണ്ട കാലഘട്ടമാണിത്. ആ രാഷ്ട്രീയത്തിനാണ് കൂടുതല്‍ പ്രസക്തി. കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ഫാസിസത്തിനെതിരായ എല്ലാ ജനാധിപത്യ മതനിരപേക്ഷ കക്ഷികളുടെയും ഐക്യമുണ്ടാകുന്നതിനാണ് യുഡിഎഫിന്റെ പിന്തുണ സ്വീകരിക്കാനുള്ള കാരണമെന്നും അവര്‍ പറഞ്ഞു. 

കുറ്റ്യാടിയിലും പൊന്നാനിയിലും സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച പ്രശ്‌നങ്ങളില്‍ സി.പി.എം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചത് ജനാധിപത്യത്തിന്റെ വിജയമാണ്. ടിപിയുടെ രക്തസാക്ഷിത്വത്തിന് ശേഷം കേരളം വീണ്ടെടുത്ത ജനാധിപത്യമാണത്. കേരളത്തിലെ ജനാധിപത്യം വീണ്ടെടുക്കാനാണ് ആര്‍എംപിയുടെ മത്സരമെന്നും കെ.കെ രമ വ്യക്തമാക്കി.