കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക നാളെ; എംപിമാരുമായുള്ള ചർച്ചയിൽ പങ്കെടുക്കാതെ മുരളീധരനും സുധാകരനും

single-img
10 March 2021

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള ഓട്ടപ്പാച്ചിലിലാണ് കോണ്‍ഗ്രസ്. ഇതിനിടയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെയുണ്ടാകുമെന്നാണ് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ അറിയിക്കുന്നത്. ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്നു പുറത്തിറങ്ങിയേക്കും. പട്ടികയില്‍ പുതുമുഖങ്ങളും അനുഭവ സമ്പന്നരും ഇടംപിടിക്കുമെന്നാണ് വിവരം.

ഡല്‍ഹിയില്‍ എം.പി.മാരുമായി നടക്കുന്ന ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി. അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി എന്നിവരും പങ്കെടുത്തപ്പോള്‍ ഗ്രൂപ്പ് വീതംവയ്പ്പില്‍ പ്രതിഷേധിച്ച് കെ. സുധാകരനും കെ. മുരളീധരനും പങ്കെടുക്കുന്നില്ല. നിലവിലെ സീറ്റ് നിര്‍ണയ ചര്‍ച്ചകള്‍ ഗ്രൂപ്പ് വീതം വെപ്പായി മാറുന്നു എന്നാണ് ഇരുവരുടേയും ആരോപണം. പല മുതിര്‍ന്ന നേതാക്കള്‍പോലും ഇഷ്ടക്കാരെ സ്ഥാനാര്‍ഥികളാക്കുന്ന തിരക്കിലാണെന്നും ആക്ഷേപമുണ്ട്. സ്‌ക്രീനിംഗ് കമ്മിറ്റിക്കു മുമ്പിലും സ്ഥാനാര്‍ത്ഥികളെ പരാമര്‍ശിച്ചപ്പോഴും മുരളീധരന്‍ കമ്മിറ്റിയില്‍ നിന്നും വിട്ടുനിന്നു.

സ്ഥാനാര്‍ത്ഥി പട്ടികയില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും അര്‍ഹമായ പ്രാധാന്യം നല്‍കണമെന്ന് രാഹുല്‍ ഗാന്ധി വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുമ്പോഴും പട്ടികയില്‍ പുതിയ ആളുകളും അനുഭവസമ്പന്നരും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഉണ്ടാവുമെന്നാണ്് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാല്‍ വ്യക്തമാക്കുന്നത്. രണ്ടുതവണ മത്സരിച്ചു തോറ്റവരെ ഒഴിവാക്കുമെന്നാണ് കോണ്‍ഗ്രസ് നേരത്തെ അറിയിച്ചിരുന്നത്.

നാളെ പ്രഖ്യാപിക്കുന്ന പട്ടികയില്‍ സിറ്റിംഗ് എം.എല്‍.എ.മാരായ സ്ഥാനാര്‍ത്ഥികളെയാണ് ആദ്യം പ്രഖ്യാപിക്കുക. നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം എന്നിവിടങ്ങളില്‍ ശക്തരായ സ്ഥാനാര്‍ഥിയെ കണ്ടെത്തുന്നതില്‍ ആശയക്കുഴപ്പം ഉണ്ട്. നേമത്ത് പി.സി.വിഷ്ണുനാഥും വട്ടിയൂര്‍ക്കാവില്‍ ജ്യോതി വിജയകുമാറുമാണ് പരിഗണനയിലുള്ളത്. കെ.സി. ജോസഫിനെതിരെ ശക്തമായ എതിര്‍പ്പ് നിലനില്‍ക്കുന്നതിനാല്‍ ഇത്തവണ സീറ്റു നിഷേധിക്കാനാണ് സാധ്യത. എന്നാല്‍ ജോസഫിനുവേണ്ടി ശക്തമായി ഉമ്മന്‍ ചാണ്ടി രംഗത്തുണ്ടെങ്കിലും പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പ് അവഗണിക്കാനാവില്ലെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. തൃപ്പൂണിത്തുറയില്‍ കെ.ബാബുവിന് വേണ്ടിയും ഉമ്മന്‍ചാണ്ടി ശക്തമായി രംഗത്തുണ്ട്. എന്നല്‍ ബാബുവിനെതിരെയും എം.പി.മാര്‍ക്കിടയില്‍ എതിര്‍പ്പു നിലനില്‍ക്കുകയാണ്.

എം.എം.ഹസനും ഇത്തവണ മത്സരിക്കില്ലെന്ന കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. കൊല്ലത്ത് ബിന്ദു കൃഷ്ണ, ആറന്മുളയില്‍ ശിവദാസന്‍ നായര്‍ എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളത്.