വിദേശ പണമിടപാട് നിയമലംഘനം; ചെറുവള്ളി എസ്റ്റേറ്റ് ആദായനികുതി വകുപ്പ് കണ്ടുകെട്ടി

single-img
5 March 2021

വിദേശ പണമിടപാട് നിയമലംഘനത്തിന്റെ പേരിൽ ബിലീവേഴ്സ് ചർച്ചിന്റെ ഉടമസ്ഥതയിലുളള ശബരിമല വിമാനത്താവള പദ്ധതി പ്രദേശമായ ചെറുവള്ളി എസ്റ്റേറ്റ് ആദായനികുതി വകുപ്പ് കണ്ടുകെട്ടി. ഏകദേശം 500 കോടി രൂപയുടെ വിദേശ പണമിടപാട് നിയമലംഘനമെന്ന് ആദായനികുതിവകുപ്പ് കണ്ടെത്തിയത്. ഇതിനെ തുടർന്ന് മുൻകരുതൽ എന്ന നിലയിലാണ് ചർച്ചിന്റെ ആസ്തിവകകൾ ആദായനികുതി വകുപ്പ് കണ്ടുകെട്ടുന്നത്. ഈ നടപടിയിലൂടെ ശബരിമല വിമാനത്താവള പദ്ധതി താൽക്കാലികമായി അനിശ്ചിതത്വത്തിലാകും എന്ന് ഉറപ്പായി.

സംസ്ഥാന സർക്കാരിന്റെ ശബരിമല വിമാനത്താവള പദ്ധതി പ്രദേശം കൂടി ഉൾപ്പെട്ട 2000 ഏക്കർ ഭൂമിയാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്. ഹാരിസൺ മലയാളവുമായി ഉടമസ്ഥാവകാശ തർക്കമുള്ള ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിനായി പണം കൊടുത്ത് വാങ്ങാൻ സർക്കാർ തീരുമാനിച്ചിരുന്നു. നേരത്തേ, അനധികൃത വിദേശ സഹായം കൈപ്പറ്റിയ സംഭവത്തിൽ മൊഴിയെടുപ്പിന് ഹാജരാകാൻ ആദായ നികുതി വകുപ്പ് ബിലീവേഴ്സ് ചർച്ച് ബിഷപ്പ് കെപി യോഹന്നാന് നോട്ടീസ് അയച്ചിരുന്നു.

എന്നാൽ തനിക്ക് ഇപ്പോൾ യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണെന്നും ഡിസംബർ ആദ്യവാരത്തോടെ മൊഴിയെടുപ്പിന് എത്താമെന്നും കാണിച്ച് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഓഫ് ഇൻകം ടാക്സിന് യോഹന്നാൻ മറുപടിയും അയച്ചിരുന്നു. നിലവിൽ യോഹന്നാൻ അമേരിക്കയിലെ ടെക്സസിലെ ഗോസ്പൽ ഫോർ ഏഷ്യ ആസ്ഥാനത്താണളളത്.