ഇടത് മുന്നണിക്ക് ഭരണത്തുടർച്ചയുണ്ടാകുമെന്ന തിരിച്ചറിവിൽ ബിജെപിക്ക് സമനില തെറ്റി: സിപിഎം
മുഖ്യമന്ത്രി പിണറായി വിജയന് എതിരായ കസ്റ്റംസിന്റെ സത്യവാങ്മൂലത്തെ വിമർശിച്ച് സിപിഎം. ഇടതുമുന്നണിക്ക് ഭരണത്തുടർച്ചയുണ്ടാകുമെന്ന തിരിച്ചറിവിൽ ബിജെപിക്ക് സമനില തെറ്റിയിരിക്കുകയാണ്. ഇതിന്റെ ഭാഗമാണ് കസ്റ്റംസിന്റെ സത്യവാങ്മൂലം എന്നും സിപിഎം പ്രസ്താവനയിൽ അറിയിച്ചു. ജയിക്കാൻ ഏതറ്റം വരെയും പോകാൻ മടിയില്ലാത്തവരായി കേന്ദ്രം ഭരിക്കുന്നവർ മാറി.
നിയമസഭാ തെരഞ്ഞടുപ്പ് പ്രചാരവേലയുടെ ഉപകരണമായി കേന്ദ്ര ഏജൻസികൾ അധപതിച്ചു. കേരളത്തിൽ യുഡിഎഫ്-ബിജെപി കൂട്ടുകെട്ട് നടത്തുന്ന വെല്ലുവിളിക്ക് ജനം മറുപടി നൽകും. അന്വേഷണ ഏജൻസികളുടെ നടപടി പരസ്യമായ ചട്ടലംഘനമാണെന്നും സിപിഎം പ്രസ്താവനയിൽ പറയുന്നു.
അതേസമയം, മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെ കസ്റ്റംസ് ഓഫീസുകളിലേക്ക് നാളെ എല്‍ഡിഎഫ് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ പറഞ്ഞു.