ശ്രീ എം ആൾ ദൈവമല്ല, തികഞ്ഞ മതേതരവാദി; വിടി ബല്‍റാമിനെ തള്ളി പിജെ കുര്യൻ

single-img
4 March 2021

യോഗ ഗുരുവായ ശ്രീ എം തികഞ്ഞ മതേതരവാദിയാണെന്ന് കോൺഗ്രസ് നേതാവ് പിജെ കുര്യൻ. ശ്രീ എമ്മിന് യോഗാ സെന്റർ തുടങ്ങാൻ സംസ്ഥാന സർക്കാർ സ്ഥലം അനുവദിച്ചത് വിമർശിച്ചുകൊണ്ട് രംഗത്തെത്തിയ വിടി ബൽറാം എംഎൽഎയെ തള്ളിയാണ് പിജെ കുര്യൻ മുന്നോട്ടുവന്നിരിക്കുന്നത്.

പിജെ കുര്യൻ പറയുന്നത് :

“സംസ്ഥാന ഗവണ്മെന്റ് ശ്രീ എമ്മിന് യോഗ സെന്റര്‍ തുടങ്ങാന്‍ സ്ഥലം അനുവദിച്ചതിന് വിമര്‍ശിച്ചുകൊണ്ടുള്ള വിടി ബല്‍റാം എംഎൽഎയുടെ ഫേയ്സ് ബുക്ക് പോസ്റ്റ് എന്‍റെ ഒരു സുഹൃത്ത് വാട്സ് ആപ്പില്‍ തന്നത് വായിച്ചു. സര്‍ക്കാര്‍ ഭൂമി നല്‍കിയതിനെ വിമര്‍ശിക്കുവാന്‍ ബൽറാമിന് എല്ലാ അവകാശവും ഉണ്ട്. അതിനെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ശ്രീ എമ്മിനെ ‘ആള്‍ ദൈവമെന്നും ‘ ആർഎസ്എസ് സഹയാത്രികനെന്നും’ വിശേഷിപ്പിച്ചത് ശ്രീ എമ്മിനെ അറിയാവുന്നവര്‍ക്കെല്ലാം വേദന ഉണ്ടാക്കുന്നതാണ്.

എനിക്ക് ശ്രീ എമ്മുമായി നല്ല പരിചയമുണ്ട്. ഞാന്‍ വളരെ ബഹുമാനിക്കുന്ന ഒരു വ്യക്തിത്വമാണ്‌ അദ്ദേഹം. അദ്ദേഹത്തെ ഞാന്‍ പല പ്രാവശ്യം സന്ദര്‍ശിച്ചിട്ടുണ്ട്. അദ്ദേഹം എന്‍റെ ഭവനത്തിലും ഒരു തവണ വന്നിട്ടുണ്ട്. അദ്ദേഹത്തിന്‍റെ എകതായാത്രയില്‍ ഞാന്‍ പങ്കെടുത്തിട്ടുമുണ്ട്. അദ്ദേഹം ആള്‍ ദൈവവുമല്ല ആർഎസ്എസുമല്ല.

എല്ലാ മതങ്ങളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മതേതര വാദിയാണ്. ഭാരതീയ ദര്‍ശനങ്ങളില്‍ പാണ്ഡിത്യവും ഭാരതീയ സംസ്കാരത്തോട് ആദരവും, പ്രതിബദ്ധതയും ഉണ്ട് എന്നതുകൊണ്ട് ഒരാള്‍ ആർഎസ്എസ് ആകുമോ? ആധ്യാത്മിക പ്രഭാഷണം നടത്തുകയും ആധ്യാത്മിക ജീവിതം നയിക്കുകയും ചെയ്യുന്നതുകൊണ്ട് ഒരാള്‍ ആള്‍ ദൈവം ആകുമോ?

ഒരു എംഎൽഎയായ ബൽറാം മറ്റുള്ളവരെ വിധിക്കുന്നതില്‍ കുറേക്കൂടി വസ്തുതാപരം ആകേണ്ടതായിരുന്നു. ശ്രീ എമ്മിനെക്കുറിച്ചുള്ള വസ്തുതാപരമല്ലാത്ത പരാമര്‍ശങ്ങള്‍ ബല്‍റാം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അത്തരമൊരു നടപടി ശ്രീ എമ്മിന്റെ ആയിരക്കണക്കിന് ആരാധകരുടെ ഹൃദയത്തിലെ മുറിവ്‌ ഉണക്കാന്‍ ആവശ്യമാണ്. ഞാന്‍ ഇത്രയും എഴുതിയതുകൊണ്ട് ഒരു പക്ഷെ എനിക്കെതിരെ സോഷ്യല്‍ മീഡിയ ആക്രമണം ഉണ്ടായേക്കാം. ഞാനത് ഗൗനിക്കുന്നില്ല,”