പനാമ സൗന്ദര്യ മത്സരം; ട്രാൻസ്ജെൻഡർ വനിതകൾക്കും മത്സരിക്കാം

single-img
3 March 2021

ഇത്തവണ ട്രാൻസ്ജെൻഡറുകളെ കൂടി ഉൾപ്പെടുത്തി സൗന്ദര്യമത്സരങ്ങള്‍ നടത്താൻ ഒരുങ്ങി പനാമ. മാറുന്ന കാലഘട്ടത്തിന് അനുസരിച്ചുള്ള വളരെ വിപ്ലവകരമായ തീരുമാനമാണ് പനാമ ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നത്. നേരത്തെ സ്ത്രീകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് നടത്തിവന്നിരുന്ന ഈ സൗന്ദര്യ മത്സരങ്ങൾ ഇനിമുതൽ ട്രാൻസ്ജെൻഡർ വിഭാഗത്തെയും പരിഗണിക്കും.

അടുത്തുതന്നെ പനാമയിൽ അരങ്ങേറാൻ പോകുന്ന മിസ് പനാമ സൗന്ദര്യമത്സരത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീകളെ കൂടി ഇത്തവണ പങ്കെടുപ്പിക്കും എന്ന് മിസ് പനാമ ഒര്‍ഗനൈസേഷൻ യോഗത്തില്‍ തീരുമാനിച്ചു. രാജ്യത്തെ തന്നെ ഏറ്റവും വലിയ സൗന്ദര്യ മത്സരമാണ് പനാമയിൽ നടക്കാൻ ഒരുങ്ങുന്നത്. പനാമയിൽ നടക്കുന്ന ഈ സൗന്ദര്യ മത്സരത്തിൽ വിജയി ആകുന്നവർക്ക് മിസ് യൂണിവേഴ്സ് പട്ടത്തിനുള്ള മത്സരത്തിന് യോഗ്യത നേടാവുന്നതാണ്. അവർ തന്നെയായിരിക്കും രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുക.

നിലവില്‍ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ഉള്ളവർ നിയമപരമായ മെഡിക്കല്‍ രേഖകളും സ്ത്രീയായി മാറിയതിന്റെ തെളിവുകളും ഹാജരാക്കിയാൽ മിസ് പനാമ സൗന്ദര്യ മത്സരത്തില്‍ അവർക്ക് പങ്കെടുക്കാം എന്ന് സംഘാടകർ അറിയിപ്പു നൽകി. എന്നാൽ ഇതുവരെ ട്രാൻസ്ജെൻഡർ സ്ത്രീകളാരും ഈ മത്സരത്തിൽ പങ്കെടുക്കാൻ മുന്നോട്ടു വന്നിട്ടില്ല എന്നും സംഘാടകർ അറിയിക്കുന്നു. ലോകത്തു തന്നെ ആദ്യമായി സൗന്ദര്യമത്സരത്തിൽ പങ്കെടുത്ത ട്രാൻസ്ജെൻഡർ വനിത എന്ന നേട്ടം 2018 വർഷം സ്‌പെയിൻ രാജ്യത്തെ പ്രതിനിധീകരിച്ച് ഏയ്ഞ്ചല പോന്‍സ് സ്വന്തമാക്കിയിരുന്നു.