വി.എം സുധീരനെ കളത്തിലിറക്കാന്‍ ഹൈക്കമാന്‍ഡ്; നേമത്ത് മത്സരിപ്പിക്കാന്‍ സമ്മര്‍ദ്ദം


മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനെ കളത്തിലിറക്കാന്‍ ഹൈക്കമാന്‍ഡ് നീക്കം. ഇതിനായി ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ കഴിഞ്ഞയാഴ്ച സുധീരന്റെ വീട്ടിലെത്തി ഇക്കാര്യം ആവശ്യപ്പെട്ടു. നേമം മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് ഹൈക്കമാൻഡ് ആലോചന.
സുധീരന് പോസ്റ്റ് കോവിഡ് ചികിത്സ കഴിഞ്ഞ വിശ്രമത്തിലാണ്. സംസ്ഥാനത്തെ കനത്ത ചൂടും ശാരീരിക അസ്വസ്ഥതകളും കാരണം മത്സരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് അദ്ദേഹം. സുധീരനും ഭാര്യയ്ക്കും കോവിഡ് പോസിറ്റീവായി മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു. നെഗറ്റീവായ ശേഷം പോസ്റ്റ് കോവിഡ് ചികിത്സയ്ക്കായി അദ്ദേഹം പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ ചികിത്സയിലായിരുന്നു.
ഇപ്പോൾ തലസ്ഥാനത്തെ വീട്ടില്‍ വിശ്രമത്തിലാണ് സുധീരന്. കെ.കരുണാകരനും എസ്.വരദരാജന് നായരും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വിജയിച്ച നേമം മണ്ഡലം കോണ്‍ഗ്രസിന്റെ അലംഭാവംകാരണമാണ് കൈവിട്ടുപോയത്. 2001ലും 2006ലും എന്‍.ശക്തന് നേമത്ത് നിന്ന് വിജയിച്ചതാണ്. 2016ല്‍ ഘടകക്ഷിയായ ജനതാദളിന് സീറ്റ് വിട്ടുകൊടുത്ത്, തോല്‍പ്പിക്കുകയായിരുന്നു. അതേക്കുറിച്ച് അന്വേഷിക്കാന്‍ കെ.പി.സി.സി നിയോഗിച്ച അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. ജനതാദള്‍ സ്ഥാനാര്‍ത്ഥിയായിരുന്ന തന്നെ കോണ്‍ഗ്രസുകാരാണ് കാലുവാരിയതെന്ന് വി.സുരേന്ദ്രന്‍പിള്ള പര്യമായി പൊട്ടിത്തെറിച്ചിരുന്നു.
കോണ്‍ഗ്രസുകാര്‍ ബി.ജെ.പിയിലെ സൗമ്യമുഖമായ ഒ.രാജഗോപാലിനെ വിജയിപ്പിക്കുകയായിരുന്നു. നേമം ബി.ജെ.പിയുടെ ഗുജറാത്താണെന്നും എ ക്ലാസ് മണ്ഡലമാണെന്നുമാണ് അവരിപ്പോള്‍ അവകാശപ്പെടുന്നത്. ബി.ജെ.പിയുടെ വളര്‍ച്ച സംസ്ഥാനത്ത് കോണ്‍ഗ്രസിന് വലിയ ഭീഷണിയാണ് അതുകൊണ്ട് എങ്ങനെയും നേമം തിരിച്ചുപിടിക്കണമെന്നാണ് ഹൈക്കമാന്‍ഡിന്റെ പ്രധാന ആവശ്യം. അതിന് സുധീരനെ പോലെ, സൗമ്യനും കരുത്തനുമായ മുഖം വേണമെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെടുന്നത്. എന്നാല്‍ അദ്ദേഹം ഇതുവരെ മനസ്സ് തുറന്നിട്ടില്ല.