‘കുഞ്ഞാലിക്കുട്ടി നിന്നാലും തോല്‍ക്കും’: ചടയമംഗലം മണ്ഡലം ലീഗിന് നല്‍കാനുള്ള തീരുമാനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസിൻ്റെ പ്രതിഷേധം

single-img
1 March 2021
League Youth Congress Chadayamangalam

നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയിലെ ചടയമംഗലം സീറ്റ് മുസ്ലീം ലീഗിന് നല്‍കാനുള്ള യുഡിഎഫ് തീരുമാനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കടയ്ക്കൽ ടൗണിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തിയത്.

ലീഗിന് യാതൊരു സ്വാധീനവും ഇല്ലാത്ത മണ്ഡലമാണ് ചടയമംഗലമെന്നും പികെ കുഞ്ഞാലിക്കുട്ടി മത്സരിച്ചാല്‍ പോലും വന്‍പരാജയം നേരിടേണ്ടിവരുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിലയിരുത്തൽ. നേതൃത്വത്തിന്റെ നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രമേയം പാസാക്കുകയും ലീഗിനെതിരെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പതിപ്പിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് എതിര്‍പ്പുമായി തെരുവിലേക്ക് ഇറങ്ങിയത്.

ലീഗ് മത്സരിച്ചിരുന്ന പുനലൂർ മണ്ഡലം കോണ്‍ഗ്രസിന് നല്‍കി പകരം ചടയമംഗലം നല്‍കാനാണ് മുന്നണിയിലെ ധാരണ. പുനലൂർ മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാൽ സ്ഥാനാർത്ഥിയായേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിനായാണ് മണ്ഡല കൈമാറ്റം നടന്നതെന്നാണ് സൂചന.

അതേസയം മണ്ഡലം ലീഗിന് വിട്ടുകൊടുക്കാനുള്ള തീരുമാനം ആത്മഹത്യാപരമാണെന്ന് യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി പാസാക്കിയ പ്രമേയത്തില്‍ പറയുന്നു. ചടയമംഗലം പഞ്ചായത്തിൽ മൂന്ന് അംഗങ്ങൾ മാത്രമാണ് മുസ്ലിംലീഗിനുള്ളതെന്നും ഇതിനെ എതിർക്കുന്ന കോൺഗ്രസ് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. അതേസമയം ചടയമംഗലം ആവശ്യപ്പെട്ടിട്ടില്ലെന്നും കരുനാഗപ്പള്ളിയോ ഇരവിപുരമോ വേണമെന്ന ആവശ്യമാണ് മുന്നോട്ടുവച്ചതെന്നുമാണ്  ജില്ലയിലെ ലീഗ് നേതാക്കൾ പറയുന്നത്.

പ്രതിഷേധം ശക്തമായതോടെ ഔദ്യോഗികസ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്‍പ് നേതൃത്വം തീരുമാനം പുനഃപരിശോധിക്കുമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

സ്ഥാനാർത്ഥിത്വത്തിലേക്ക് കെപിസിസി ജനറൽ സെക്രട്ടറി എം എം നസീർ, ഡിസിസി സെക്രട്ടറി ചന്ദ്രബോസ് എന്നിവരുടെ പേരുകൾ കോൺഗ്രസിൽനിന്ന് ഉയർന്നിരുന്നു. കെ എസ് യു സംസ്ഥാന സെക്രട്ടറി ആദർശ് ഭാർഗവൻ്റെ പേരും ചിലർ നിർദ്ദേശിക്കുന്നുണ്ട്. മണ്ഡലത്തിലെ സാമുദായിക സമവാക്യം ആദർശ് ഭാർഗവന് അനുകൂലമാണെന്നതും യുവനേതാക്കൾക്ക് അവസരം നൽകണമെന്ന യുവ പാർട്ടി പ്രവർത്തകരുടെ വികാരവുമാണ് ഇതിന് കാരണം.

കഴിഞ്ഞ പതിനഞ്ച് വർഷമായി ഇടതുമുന്നണിയുടെ മുല്ലക്കര രത്നാകരനാണ് ചടയമംഗലത്ത് വിജയിക്കുന്നത്. 1970-നു ശേഷം ഇവിടെ ഇടതുമുന്നണി സ്ഥാനാർത്ഥിയല്ലാതെ വിജയിച്ച ഒരേ ഒരാൾ കോൺഗ്രസ് നേതാവായ പ്രയാർ ഗോപാലകൃഷ്ണനാണ്. എന്നാൽ ഇക്കുറി അദ്ദേഹം മത്സരത്തിന് തയ്യാറല്ല. യുഡിഎഫ് അധികാരത്തിലെത്തിയാൽ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം ലഭിക്കണമെന്ന ആവശ്യമാണ് പ്രയാർ ഗോപാലകൃഷ്ണൻ നേതൃത്വത്തിന് മുന്നിൽ വച്ചിരിക്കുന്നത്.

Highlights: Chadayamangalam Muslim League Youth Congress