5 വർഷം കൂടി പ്രതിപക്ഷത്ത് ഇരിക്കാൻ കഴിയില്ല; ദൗർബല്യങ്ങൾ തിരുത്താൻ കോൺഗ്രസ്; പുതുമുഖങ്ങൾക്ക് കൂടുതൽ പരിഗണന


തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവി തങ്ങളുടെ കണ്ണു തുറപ്പിച്ചു എന്നു തിരിച്ചറിഞ്ഞുള്ള വൻ പ്രയത്നത്തിലാണ് കോൺഗ്രസും യുഡിഎഫും. ഇനി ഒരു 5 വർഷം കൂടി പ്രതിപക്ഷത്ത് ഇരിക്കാൻ കഴിയില്ല എന്നതിനാൽ യുഡിഎഫിനു വിജയം കൂടിയേ തീരൂ. വിജയിച്ചില്ലെങ്കിൽ മുന്നണിക്കുതന്നെ കാര്യമായ പോറലുകൾ ഉണ്ടാകുമെന്ന് നേതാക്കൾക്ക് അറിയാം.
ഇടതുപക്ഷ സർക്കാർ പ്രതിരോധത്തിലായിരുന്ന തദ്ദേശ തിരഞ്ഞെടുപ്പു സാഹചര്യത്തിലും വിജയിക്കാൻ കഴിയാതിരുന്നത് എന്തുകൊണ്ടെന്നു വിശദമായി പരിശോധിച്ച യുഡിഎഫ് ആ ദൗർബല്യങ്ങൾ തിരുത്താനുള്ള ശ്രമത്തിലാണ്. കോൺഗ്രസ് ഹൈക്കമാൻഡിന്റെ പിന്തുണയും മേൽനോട്ടവും ഇക്കാര്യത്തിലുണ്ട്. തിരഞ്ഞെടുപ്പു നടക്കുന്ന 5 സംസ്ഥാനങ്ങളിൽ അധികാരത്തിലേക്കു തിരിച്ചുവരാൻ ഏറ്റവും സാധ്യതയുള്ളതു കേരളത്തിലാണെന്ന് എഐസിസി കരുതുന്നു.
കേരളത്തിൽ വീണ്ടും ഭരനത്തിലെത്തിയാൽ ദേശീയ രാഷ്ട്രീയത്തിൽ പിടിച്ചുകയറാമെന്ന സ്വപ്നം കാണുകയാണ് കോൺഗ്രസ് കേന്ദ്ര നേതൃത്വം. വയനാട് എംപി എന്ന നിലയിൽ രാഹുൽ ഗാന്ധിയുടെ സംസ്ഥാനത്തെ മികച്ച പ്രകടനം അവർക്ക് അഭിമാന പ്രശ്നവുമാണ്. കേരളത്തിൽ കൂടുതലായി കേന്ദ്രീകരിക്കുമെന്നു രാഹുൽ പറഞ്ഞതോടെ കോൺഗ്രസ് അദ്ദേഹത്തെ തുറുപ്പുചീട്ടാക്കുമെന്ന ഉദ്വേഗത്തിലാണ് എൽഡിഎഫും ബിജെപിയും. രാഹുലിനെ ലക്ഷ്യമിട്ട് അവരുടെ ആക്രമണവും കൊഴുത്തു.
പകുതിയിലേറെ സീറ്റുകളിൽ പുതുമുഖസ്ഥാനാർഥികളെ നിർത്താനാണ് ആലോചന. ഇക്കാര്യത്തിൽ കേരള നേതൃത്വത്തിന്റെ ഇംഗിതം മാത്രമാകില്ല നടപ്പാകുക.
ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പു സമിതി രൂപീകരണവും കോൺഗ്രസും മുസ്ലിം ലീഗും അടക്കമുള്ള കക്ഷികൾ ചെയ്ത ഗൃഹപാഠവും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐശ്വര്യ കേരള യാത്രയും തദ്ദേശഫലം സൃഷ്ടിച്ച നിരാശ മാറ്റി എന്ന വിലയിരുത്തലാണ് മുന്നണിക്ക്. അകന്നു പോയ സാമുദായിക വിഭാഗങ്ങളെ അടുപ്പിക്കാനുള്ള ശ്രമവും കാര്യമായി നടന്നു.