വിശ്വാസമല്ല വികസനമാണ് തെരെഞ്ഞെടുപ്പിലെ മുഖ്യവിഷയം; യുഡിഎഫിന്റെയും ബിജെപിയുടേയും ഈശ്വര വിശ്വാസം വോട്ടിന് വേണ്ടിയുള്ള കള്ളത്തരമെന്ന് ജി സുധാകരൻ


യുഡിഎഫിന്റെയും ബിജെപിയുടേയും ഈശ്വര വിശ്വാസം വോട്ടിന് വേണ്ടിയുള്ള കള്ളത്തരമാണെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ (G Sudhakaran). വിശ്വാസമല്ല വികസനമാണ് തെരെഞ്ഞെടുപ്പിലെ മുഖ്യവിഷയമെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസ് ചാനലിലെ നേരേ ചൊവ്വേ എന്ന അഭിമുഖപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഇവർക്കെന്ത് ഈശ്വരവിശ്വാസം ഉണ്ടെന്നാണ്? അമ്പലത്തിൽ പോയി തൊഴുന്നതും പള്ളിയിൽപ്പോയി പ്രാർത്ഥിക്കുന്നതുമല്ല ഈശ്വരവിശ്വാസം. ഈശ്വരവിശ്വാസമുണ്ടെങ്കിൽ യുഡിഎഫ് ഇങ്ങനെയാകുമോ? ഈശ്വരന് നിരക്കുന്നതാണോ അവർ ചെയ്തുകൊണ്ടിരിക്കുന്നതൊക്കെ?” ജി സുധാകരൻ ചോദിച്ചു.
ഇപ്പോൾത്തന്നെ യുഡിഎഫ് ഒരു നിയമനിർമാണത്തിൻ്റെ കാര്യം പറയുന്നു. ഇവർക്കതിന് അവകാശമില്ല. ആളെപ്പറ്റിക്കാൻ വേണ്ടിയാണ്. വോട്ടുകിട്ടാൻ വേണ്ടി കളവ് പറയുന്നതാണോ ഈശ്വരവിശ്വാസമെന്നും അദ്ദേഹം ചോദിച്ചു. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുന്ന തങ്ങളാണ് (ഇടതുപക്ഷം) ഈശ്വരന് മുമ്പിലെ ഏറ്റവും നല്ല ആളുകളെന്നും അദ്ദേഹം പറഞ്ഞു.
Infrastructure Development is the main agenda of election, not any religious belief: G Sudhakaran