പൈപ്പിന്റ കാലപ്പഴക്കം എണ്ണച്ചോര്‍ച്ചയ്ക്ക് കാരണം; ചോര്‍ച്ച അറിയിക്കാന്‍ വൈകിയതിന് ടൈറ്റാനിയത്തിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നോട്ടീസ്

single-img
11 February 2021

ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിന് മലിനീകരണ നിയന്ത്രണബോര്‍ഡിന്റ നോട്ടീസ്. എണ്ണച്ചോര്‍ച്ച അറിയിക്കാൻ വൈകിയതിനാണ് നോട്ടീസ്. ചോര്‍ച്ചയുണ്ടായി മണിക്കൂറുകള്‍ കഴിഞ്ഞ് പ്രദേശവാസികള്‍ പറഞ്ഞാണ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയുന്നത്. ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പും ചോര്‍ച്ചയില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. 

ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിമുതലാണ് ചോര്‍ച്ച തുടങ്ങിയതെന്നാണ് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നത്. രണ്ടായാലും ഇക്കാര്യം മലീനീകരണ നിയന്ത്രണബോര്‍ഡിനെ സമയത്ത് അറിയിക്കുന്നതില്‍ കമ്പനിക്ക് വീഴ്ചയുണ്ടായി. രാവിലെ ഒന്‍പതരയോടെ പ്രദേശവാസികള്‍ പറഞ്ഞാണ് ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ അറിയുന്നത്. 

മാലിന്യം പൂര്‍ണമായും നീക്കുന്നതുവരെ കമ്പനി പ്രവര്‍ത്തിപ്പിക്കരുതെന്ന് ബോര്‍‍ഡ് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റ അടിസ്ഥാനത്തില്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്. തീരത്ത്  നാല് കിലോമീറ്ററോളം ദൂരത്തില്‍ എണ്ണ പടര്‍ന്നിട്ടുണ്ടെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ കല്കടര്‍ക്ക് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് നടത്തിയ പരിശോധനയില്‍,പൈപ്പിന്റ കാലപ്പഴക്കമാണ് ചോര്‍ച്ചയ്ക്ക് കാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സുരക്ഷ വിഭാഗം അടുത്തദിവസം ഫാക്ടറിയിലെത്തി വിശദമായ അന്വേഷണം നടത്തും.