ദേശസുരക്ഷ കാറ്റിൽപ്പറത്തിയ ഗോസ്വാമിയുടെ വാട്സാപ്പ് ചാറ്റുകൾ; ബാലക്കോട്ട് ആക്രമണം അർണബ് നേരത്തേ അറിഞ്ഞു
ഇന്ത്യ പാകിസ്താനിലെ ബാലക്കോട്ടിൽ നടത്തിയ വ്യോമാക്രമണ പദ്ധതി റിപ്പബ്ലിക് ടിവി മേധാവി അർണബ് ഗോസ്വാമിയ്ക്ക് ദിവസങ്ങൾക്ക് മുന്നേ അറിയാമായിരുന്നു എന്ന് സൂചിപ്പിക്കുന്ന വാട്സാപ്പ് ചാറ്റ് പുറത്ത്. ബാർക് സിഇഒ പാർത്ഥോ ദാസ് ഗുപ്തയുമായി അർണബ് നടത്തിയ വാട്സാപ്പ് ചാറ്റുകളാണ് പുറത്തായിരിക്കുന്നത്.
“ജനങ്ങളെ ആഹ്ലാദിപ്പിക്കാൻ കഴിയുന്ന രീതിയിലുള്ള ഒന്ന്, സാധാരണ ആക്രമണത്തേക്കാൾ വലിയ ഒന്ന്” സംഭവിക്കാൻ പോകുന്നു എന്നായിരുന്നു ബാലക്കോട്ട് ആക്രമണത്തിന് മൂന്ന് ദിവസം മുൻപ് നടത്തിയ വാട്സാപ്പ് ചാറ്റിൽ അർണബ് ഗോസ്വാമി പാർത്ഥോ ദാസ് ഗുപ്തയോട് പറഞ്ഞത്. ദേശസുരക്ഷയെ ബാധിക്കുന്ന് അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ പോലും ബിജെപിയുമായി അടുപ്പമുള്ള അർണബിനെപ്പോലെയുള്ളവർക്ക് അറിയാൻ കഴിയുന്നുണ്ട് എന്ന സൂചനയാണിത് തരുന്നത്.
ഫെബ്രുവരി പതിന്നാലിന് പുൽവാമയിൽ സിആർപിഎഫ് ജവാന്മാർക്ക് നേരേ നടന്ന തീവ്രവാദി ആക്രമണത്തിന് പകരമെന്നോണമായിരുന്നുഫെബ്രുവരി 26-ന് പാകിസ്താൻ അതിർത്തികടന്ന് ഇന്ത്യൻ വ്യോമസേന ബാലക്കോട്ടിലെ ജയ്ഷെ മുഹമ്മദ് ട്രെയിനിംഗ് ക്യാമ്പുകൾക്ക് നേരേ വ്യോമാക്രമണം നടത്തിയത്. എന്നാൽ ഇന്ത്യ വർഷിച്ച ബോംബുകൾ ജനവാസമില്ലാത്ത വനമേഖലയിലാണ് പതിച്ചതെന്നായിരുന്നു പാകിസ്താൻ്റെ വാദം.
ഫെബ്രുവരി 23-ന് പാർത്ഥോദാസ് ഗുപ്തയുമായി നടത്തിയ ചാറ്റിൽ അർണബ് പറയുന്നത് “ ഒരു വലിയ കാര്യം സംഭവിക്കാൻ പോകുന്നു” എന്നാണ്. “ദാവൂദ്?” എന്ന് (ദാവൂദിനെ പിടികൂടുന്നതാണോ എന്നാകാം) ഗുപ്ത തിരിച്ചു ചോദിക്കുന്നു. തുടർന്ന് നടക്കുന്ന സംഭാഷണം ഇപ്രകാരമാണ്:
അർണബ്: “നോ സർ പാകിസ്താൻ. ഇത്തവണ ഗൗരവമായി എന്തെങ്കിലും നടക്കും.”
പാർത്ഥോ: “നല്ലത്.”
പാർത്ഥോ: “പ്രധാന മനുഷ്യന് ഈ സീസണിൽ അത് ഗുണം ചെയ്യും.”
പാർത്ഥോ: “അദ്ദേഹം തെരെഞ്ഞെടുപ്പിൽ തൂത്തുവാരും.”
പാർത്ഥോ: “സ്ട്രൈക്ക്, അതോ അതിലും വലുത്?”
അർണബ്: “ഒരു സാധാരണ ആക്രമണത്തേക്കാൾ വലുത്. അതേസമയം കശ്മീരിലും മുഖ്യമായതെന്തോ നടക്കാൻ പോകുന്നു. ജനങ്ങളെ ആഹ്ലാദിപ്പിക്കാൻ പാകത്തിന് പാകിസ്താനെ ആക്രമിക്കാൻ കഴിയുമെന്ന് സർക്കാരിന് ആത്മവിശ്വാസമുണ്ട്. ഇതേ വാക്കുകളാണ് പറഞ്ഞത്.“
ബാർകിൻ്റെ ടിആർപി റേറ്റിംഗിൽ കൃത്രിമത്വം കാണിച്ച കേസിൽ സമർപ്പിച്ച കുറ്റപത്രത്തിൻ്റെ 3400 പേജുകളടങ്ങിയ സപ്ല്ലിമെൻ്ററി രേഖയിലാണ് അർണബ് അടക്കമുള്ളവരുമായുള്ള പാർത്ഥോദാസ് ഗുപ്തയുടെ വാട്സാപ്പ് ചാറ്റ് വിവരങ്ങൾ മുംബൈ പൊലീസ് കോടതിയിൽ സമർപ്പിച്ചത്. ഈ ചാറ്റിലെ വിവരങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസിനെവരെ പ്രതിസന്ധിയിലാക്കുന്നതാണെന്നതരത്തിൽസമൂഹമാധ്യമങ്ങളിൽ ചർച്ചകൾ ഉണ്ടാകുന്നുണ്ട്.
Content: Arnab Goswami said on Whatsapp ‘something big will happen’ Three days before Balakot strike