മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉമ്മൻ ചാണ്ടിയും പരിഗണനയിൽ; ഭൂരിപക്ഷം എം എൽ എ മാർ പിന്തുണയ്ക്കുന്നയാൾ മുഖ്യമന്ത്രിയാകുമെന്ന് കെ മുരളീധരൻ

single-img
13 January 2021
oommen chandy muraleedharan

യുഡി എഫിന്റെ മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക് ഉമ്മൻ ചാണ്ടിയും പരിഗണനയിലുണ്ടെന്ന് കെ മുരളീധരൻ എംപി. രമേശ് ചെന്നിത്തലയ്ക്കൊപ്പം ഉമ്മൻ ചാണ്ടിയെയും പാര്‍ട്ടി പരിഗണിക്കുന്നുണ്ടെന്നും ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പ്രചാരണം നയിക്കുമെന്നും ഭൂരിപക്ഷം എംഎൽഎമാർ പിന്തുണയ്ക്കുന്ന ആൾ മുഖ്യമന്ത്രിയാകുമെന്നും കെ മുരളീധരൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

വടകരയ്ക്ക് പുറത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് താൻ ഇറങ്ങില്ലെന്നും പാർട്ടിക്കുള്ളിൽ പരിഗണന കിട്ടാത്തത് കൊണ്ടല്ല തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. എംപിയെന്ന ചുമതല നിർവ്വഹിക്കലാണ് പ്രധാനമെന്നും കെ മുരളീധരൻ കൂട്ടിച്ചേര്‍ത്തു.

 ക്രിസ്ത്യൻ മത നേതാക്കളുമായി യുഡിഎഫ് നേതാക്കളുടെ കൂടിക്കാഴ്ച എത്രമാത്രം അവർ വിശ്വാസത്തിലെടുത്തു എന്ന് അറിയില്ല. ഹൃദയം തുറന്ന ചർച്ചയിലൂടെ അവരുടെ ആശങ്ക പരിഹരിക്കണമെന്ന് മുരളീധരൻ പറഞ്ഞു. വെൽഫെയർ ബന്ധം പാർട്ടിയിൽ ചർച്ച ചെയ്ത് തന്നെയാണ് തീരുമാനിച്ചത്. ഇക്കാര്യത്തിൽ പാർട്ടിയിലും മുന്നണിയിലും വിശദമായ ചർച്ച നടന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റുകൾ ഗ്രൂപ്പ് വീതം വയ്പ്പായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പിനതീതമായി സ്ഥാനാർത്ഥികളെ നിർത്തിയില്ലെങ്കില്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്നും മുരളീധരന്‍ മുന്നറിയിപ്പ് നല്‍കുന്നു. താഴെത്തട്ടിൽ ഇപ്പോഴും പാർട്ടിക്ക് ചലനമുണ്ടാക്കാനായിട്ടില്ലെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു.

Content: Oommen Chandy may also be considered as UDF CM candidate, says K Muraleedharan