കൊലക്കുറ്റം തെളിഞ്ഞു; 28 വര്‍ഷത്തിന് ശേഷം സിസ്റ്റര്‍ അഭയക്ക് നീതി; ഫാ.തോമസ്കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാര്‍


സിസ്റ്റര്‍ അഭയ കൊലക്കേസില്‍ വിധി പറഞ്ഞ് തിരുവനന്തപുരം സി ബി ഐ കോടതി പ്രതികളായ ഫാ. തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കുറ്റക്കാരാണെന്ന് സി.ബി.ഐ. പ്രത്യേക കോടതി. കോളിളക്കം സൃഷ്ടിച്ച കേസില്‍ 28 വര്‍ഷത്തിന് ശേഷമാണ് വിധി പ്രസ്താവിച്ചത്. കൊലക്കുറ്റം തെളിഞ്ഞെന്ന് കോടതി പറഞ്ഞു.ശിക്ഷാ വിധി നാളെ ഡിസംബര്‍ 23 ബുധനാഴ്ച പ്രസ്താവിക്കും
അഭയ കൊല്ലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരുവനന്തപുരം സി.ബി.ഐ കോടതി സുപ്രധാന വിധി പറഞ്ഞത്. സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ഒരു വര്‍ഷത്തിലേറെ നീണ്ട വിചാരണ ഡിസംബര്‍ 10-നാണ് പൂര്‍ത്തിയായത്. പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി കെ. സനില്‍കുമാറാണ് വിധി പറയുന്നത്. സി.ബി.ഐക്കുവേണ്ടി പബ്ളിക് പ്രോസിക്യൂട്ടര്‍ എം. നവാസ് ഹാജരായി.
ഫാ.തോമസ്കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരായിരുന്നു കേസിലെ പ്രതികള്‍. 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത്ത് കോണ്‍വെറ്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയുടെ മൃതേദഹം കണ്ടെത്തിയത്. ആദ്യം കോട്ടയം വെസ്റ്റ് പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ചെങ്കിലും സിസ്റ്റര്‍ അഭയയുടേത് ആത്മഹത്യയാണെന്ന നിഗമനത്തിലാണ് എത്തിയത്. പിന്നീട് നടന്ന സി.ബി.ഐ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിയുന്നത്.
പ്രതികള്‍ തമ്മിലുള്ള ശാരീരിക ബന്ധം കണ്ടതു കൊണ്ടാണ് അഭയയെ കൊലപ്പെടുത്തി കിണറ്റിലിട്ടതെന്നാണ് സി.ബി.ഐ കണ്ടെത്തിയത്. അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ പ്രതികളെ കോണ്‍വെന്റിന്റെ കോമ്പൗണ്ടില്‍ കണ്ടുവെന്നുള്ള മൂന്നാം സാക്ഷി രാജുവിന്റെ മൊഴിയും നിര്‍ണായകമായിരുന്നു.
ലൈംഗികതയും കൊലപാതകവുമാണ് കേസിന്റെ ആകെത്തുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ നന്ദകുമാര്‍ നായര്‍ കോടതിയില്‍ മൊഴി നല്കി. കൈക്കോടാലിയുടെ പിടി കൊണ്ടുള്ള അടിയേറ്റ് അബോധാവസ്ഥയിലായ സിസ്റ്റര്‍ അഭയയെ പ്രതികള്‍ കിണറ്റില്‍ എടുത്തിട്ടെന്നും അഭയ വെള്ളം കുടിച്ച് മുങ്ങിമരിച്ചെന്നുമാണ് സി.ബി.ഐ. നിഗമനം. അഭയയുടെ കുടുംബത്തിന് ആത്മഹത്യാ പ്രവണതയുണ്ടെന്നും ആത്മഹത്യ ചെയ്യാന്‍ കിണറ്റില്‍ച്ചാടിയ അഭയയുടെ തല കിണറ്റിലെ പമ്പില്‍ ഇടിച്ചാണ് മരണകാരണമായ മുറിവുണ്ടായതെന്നുമായിരുന്നു പ്രതിഭാഗം വാദം.
49 സാക്ഷികളെ വിസ്തരിച്ചു. പത്തോളം പേര് വിചാരണയ്ക്കിടെ മൊഴി മാറ്റി. മജിസ്ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നല്‍കിയശേഷം പിന്മാറിയ സഞ്ജു പി. മാത്യുവിനെതിരേ സി.ബി.ഐ. നിയമനടപടി ആരംഭിച്ചിട്ടുണ്ട്.
.