ഇന്ന് മാനത്ത് ക്രിസ്മസ് നക്ഷത്രം ഉദിക്കും; എ ഡി 1623 ന് ശേഷം അപൂർവമായ വ്യാഴം ശനി സംഗമം; വൈകിട്ട് തെക്ക് പടിഞ്ഞാറൻ മാനത്ത്

single-img
21 December 2020

ഇന്ന്പ ടിഞ്ഞാറൻ മാനത്ത് ക്രിസ്മസ് നക്ഷത്രം ഉദിക്കും. ലോകമെമ്പാടും വാന കുതുകികൾ കാത്തിരിക്കുന്ന മഹാ ഗ്രഹസംഗമം ഇന്ന് വൈകുന്നേരം സൂര്യാസ്തമയത്തിന് ശേഷം തെക്ക് പടിഞ്ഞാറൻ മാനത്ത്. വ്യാഴം ശനി മഹാസംഗമം. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ് വ്യാഴം. രണ്ടാം സ്ഥാനം ശനിക്കും.

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴവും രണ്ടാം സ്ഥാനമുള്ള ശനിയും ഭൂമിയുടെ നേര്‍രേഖയില്‍ ദൃശ്യമാകും. ഇത് ഇന്ന് നഗ്ന നേത്രങ്ങൾകൊണ്ട് കാണാനാകും. ഭൂമിയില്‍നിന്ന് നോക്കുമ്പോള്‍ അവ ഇരട്ടഗ്രഹം പോലെ ദൃശ്യമാവും. ഈ ഗ്രഹസംഗമം ഭൂമിയിൽനിന്നുള്ള ഒരു വെറും കാഴ്ച മാത്രമാണ്. യഥാർത്ഥത്തിൽ ഈ ഗ്രഹങ്ങൾ കോടിക്കണക്കിന് കിലോമീറ്ററുകൾ അകലെയാണ്. എല്ലാ 20 വർഷം കൂടുമ്പോഴും  ഈ ഗ്രഹങ്ങൾ അടുത്തു വരുന്നതായി കാണാം. പക്ഷേ, ഇത്തവണത്തേത്  അസാധാരണമായ അടുപ്പമാണ്. അതായത് ഈ രണ്ടു  ഗ്രഹങ്ങളും വെറും കണ്ണു കൊണ്ട് പരസ്പരം തിരിച്ചറിയാൻ കഴിയാത്ത അത്ര അടുപ്പം കണ്ടേക്കാം. ഇത്തരം അടുപ്പം നൂറ്റാണ്ടുകളിൽത്തന്നെ അപൂർവമായിരിക്കും. 1623 ൽ ഗലീലിയോ ഗലീലി ജീവിച്ചിരുന്ന കാലത്താണ് ‌ഇതുപോലൊരു അടുപ്പം ഇതിനു മുൻപു കണ്ടത്. ഇനിയാകട്ടെ 2080ലും.

ഭൂമിയുടെയും വ്യാഴത്തിന്റെയും ശനിയുടെയും പാതകള്‍ തമ്മിലുള്ള ചരിവ് കാരണം അവ പലപ്പോഴും ഒരു നേര്‍രേഖയില്‍ വരുകയില്ല. എന്നാൽ, ഇന്ന് തെക്കുപടിഞ്ഞാറന്‍ മാനം നന്നായി കാണാവുന്ന അധികം വെളിച്ചമില്ലാത്ത സ്ഥലത്ത് സൂര്യാസ്തമയത്തോടെ എത്തിച്ചേര്‍ന്നാല്‍ കാഴ്ച നന്നായി ആസ്വദിക്കാമെന്ന് അമെച്ചര്‍ വാനനിരീക്ഷകന്‍ സുരേന്ദ്രന്‍ പുന്നശ്ശേരി പറഞ്ഞു

പടിഞ്ഞാറൻ മാനത്ത് ക്രിസ്മസ് നക്ഷത്രം ഉദിക്കുമെന്നു പലരും പറഞ്ഞു പ്രചരിപ്പിച്ചത് അതുകൊണ്ടായിരിക്കാം. ആകാശം അധികം മേഘാവൃതമാകാതെ ഇരുന്നാൽ മാത്രമേ ഈ ദൃശ്യം കാണാനാവൂ. അതുപോലെ രാത്രി എട്ടുകഴിയുന്നതോടെ ഇവ മറയുകയും ചെയ്യും.

Content : Rare Jupiter Saturn conjunction after AD 1623