മദ്യപിച്ചതിന് വഴക്കുപറഞ്ഞ അമ്മയെ തടിക്കഷണം കൊണ്ട് തലയ്ക്കടിച്ചു കൊന്നു; മകന് അറസ്റ്റില്‍


മദ്യപിച്ചതിന് വഴക്കുപറഞ്ഞ അമ്മയെ തടിക്കഷണം കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ മകൻ അറസ്റ്റിൽ. വട്ടയാൽ വട്ടത്തിൽ വീട്ടിൽ ക്ലീറ്റസിന്റെ ഭാര്യ 62 വയസുള്ള ഫിലോമിനയെ കൊലപ്പെടുത്തിയ കേസിലാണ് മകൻ സുനീഷ് അറസ്റ്റിലായത്.
അപകടം സംഭവിച്ചുവെന്ന നിലയിൽ ഈ മാസം അഞ്ചാം തീയതി മെഡിക്കൽ കോളജ് ആശുപത്രിയിലെതിച്ച ഫിലോമിന തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ 12നാണ് മരിച്ചത്.
വീട്ടിലുണ്ടായ അപകടത്തിൽ തലയ്ക്കു പരുക്കേറ്റുവെന്നായിരുന്നു ബന്ധുക്കളിൽ ചിലർ പറഞ്ഞിരുന്നത്. എന്നാല്‍, സ്വാഭാവിക മരണമല്ലെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. തലയിൽ ശക്തമായി അടിയേറ്റതായും ആഴമുള്ള മുറിവാണ് മരണകാരണമെന്നും ആയിരുന്നു റിപ്പോർട്ട്. കൊലപാതകമാണെന്നു സംശയിക്കുന്നതായി സ്പെഷൽ ബ്രാഞ്ചും പോലീസ് റിപ്പോർട്ട് നൽകിയിരുന്നു.
പോലീസ് അന്വേഷണം ആരംഭിച്ചപ്പോൾ തന്നെ സുനീഷ് ഒളിവിൽ പോയി. സംസ്കാരച്ചടങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു ശേഷം കൂടുതൽപേരെ ചോദ്യം ചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്നു പോലീസ് ഉറപ്പിച്ചത്. തുടർന്നായിരുന്നു അറസ്റ്റ്. മദ്യപിച്ചെത്തിയപ്പോൾ അമ്മ വഴക്കുപറഞ്ഞുവെന്നും സ്വബോധമില്ലാതെ തടിക്കഷണം കൊണ്ട് അമ്മയുടെ തലയിൽ അടിക്കുകയായിരുന്നുവെന്നും സുനീഷ് പോലീസിനു മൊഴി നൽകി.