നഗരസഭാ ഫലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സോഫ്റ്റ് വെയര്‍ തകരാര്‍; മുന്‍ ഫലം മാറും; ഇടതുമുന്നണിക്ക്‌ മുന്‍‌തൂക്കം

single-img
17 December 2020

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നഗരസഭാ ഫലത്തില്‍ സോഫ്റ്റ് വെയര്‍ തകരാറുണ്ടായി. കഴിഞ്ഞ ദിവസം യുഡിഎഫ് 45, എല്‍ഡിഎഫ് 35, ബിജെപി 2 എന്നായിരുന്നു കമ്മീഷന്റെ പ്രഖ്യാപനം. നിലവില്‍ തകരാര്‍ പരിഹരിക്കാന്‍ നടപടി തുടങ്ങിയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പുതിയ കണക്ക് പ്രകാരം ഇടതുമുന്നണി 40 ഉം യുഡിഎഫ് 35 ഉം, ബിജെപി 2 ഉം തൂക്ക് 9ഉം എന്നായി മാറും.

ഇരു മുന്നണികള്‍ക്കും തുല്യത വന്നതും പല സ്ഥലങ്ങളിലും മുന്നണി സ്വതന്ത്രരുടെ പിന്തുണയോടെ എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചതുമായ തദ്ദേശ സ്ഥാപനങ്ങളൊക്കെ കമ്മീഷന്റെ ട്രെന്‍ഡ് സോഫ്റ്റ് വെയറില്‍ ദൃശ്യമായത് യുഡിഎഫിന് ലഭിച്ച നഗരസഭകളുടെ പട്ടികയിലായിരുന്നു. സ്വതന്ത്രന്റെ പിന്തുണയോടെ ഇടതുമുന്നണി അധികാരം പിടിച്ച കോട്ടയവും അടൂരും പിറവവും കോതമംഗലവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കില്‍ യുഡിഎഫിന് അനുകൂലമായി വന്നു.

എന്നാല്‍ പിഴവുകള്‍ മാറ്റി ഇവ ശരിയായ കണക്കില്‍ ഉള്‍പ്പെടുത്തുമ്പോള്‍ എല്‍ഡിഎഫിന് 39 ഉം യു.ഡി.എഫിന് 41 ഉം ആകും സംസ്ഥാനത്തെ നിലവാരം. അതേസമയം തുല്യത വന്ന കളമശേരി ,പരവൂര്‍ , മാവേലിക്കര ,പത്തനംതിട്ട മുനിസിപ്പാലിറ്റികള്‍ യുഡിഎഫ് കണക്കിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചേര്‍ത്തത്. ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലാത്ത ഈ മുനിസിപ്പാലിറ്റികളെ കൂടി പരിഗണിച്ചാല്‍ എല്‍ഡിഎഫ്- 39, യുഡിഎഫിന് 37 എന്നിങ്ങനെയായിരിക്കും മുനിസിപ്പാലിറ്റികളുടെ എണ്ണം.

അതേപോലെ തന്നെ, തുല്യത വന്ന വയനാട്, സ്വതന്ത്ര പിന്തുണയോടെ ഇടതുമുന്നണി അധികാരമുറപ്പിച്ച കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തുകള്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രേഖകളില്‍ യുഡിഎഫിനൊപ്പമാണ് ചേര്‍ത്തിരിക്കുന്നത്. നിലവില്‍ കണ്ടെത്തിയ ഈ തെറ്റുകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.