കരുത്തുറ്റ തീരുമാനമെടുക്കാൻ കഴിവുള്ള കെ മുരളീധരനെ വിളിക്കൂ കേരളത്തിൽ കോൺഗ്രസ്സിനെ രക്ഷിക്കൂ; കോഴിക്കോട് മുരളീധരൻ അനുകൂല പോസ്റ്റർ


കേരളത്തിലെ കോൺഗ്രസിനെ രക്ഷിക്കാൻ കരുത്തുറ്റ തീരുമാനമെടുക്കാൻ കഴിവുള്ള കെ. മുരളീധരനെ ചുമതല ഏൽപ്പിക്കുക എന്ന വാചകവുമായി കോഴിക്കോട് പോസ്റ്ററുകൾ. തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് കെ. മുരളീധരൻ എം.പിയെ അനുകൂലിച്ചും കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനെ പരോക്ഷമായി വിമർശിച്ചും കോഴിക്കോട് പോസ്റ്റർ പതിച്ചത്. ‘കെ. മുരളീധരനെ വിളിക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ’ എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. പാർട്ടിയുടെ അഭിമാനം കാത്തുസൂക്ഷിക്കാൻ പ്രവർത്തകർക്ക് ഊർജം പകരാൻ മുരളീധരൻെറ കൈകളിൽ അധികാരംഅധികാരം വരട്ടെ എന്നും പോസ്റ്ററിൽ പറയുന്നു.
സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കോഴിക്കോട് വിവിധ ഇടങ്ങളിൽ തർക്കങ്ങളുണ്ടായിരുന്നു. ഇതിൽ മുരളീധരൻെറയും മുല്ലപ്പള്ളിയുടെയും നിലപാടുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിലെ തോൽവിയിൽ നേതൃത്വത്തിനെതിരെ വിമർശനവുമായി കെ. മുരളീധരൻ രംഗത്തെത്തുകയും ചെയ്തിരുന്നു.
ചില നേതാക്കളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി ആസ്ഥാനത്തും പോസ്റ്റർ പതിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാഷ്ട്രീയ കാര്യ സമിതി യോഗം ചേരാനിരിക്കെയാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. കെ.പി.സി.സി ആസ്ഥാനത്ത് കൂടാതെ തിരുവനന്തപുരത്ത് വിവിധ ഇടങ്ങളിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് സീറ്റ് കച്ചവടം നടന്നുവെന്നാണ് നേതൃത്വത്തിനെതിരായ പോസ്റ്ററിലെ പ്രധാന ആരോപണം. മുൻ മന്ത്രി വി.എസ്. ശിവകുമാർ, നെയ്യാറ്റിൻകര സനൽ, തമ്പാനൂർ രവി, ശരത്ചന്ദ്ര പ്രസാദ് എന്നിവരെ പുറത്താക്കണമെന്നാണ് പ്രധാന ആവശ്യം.