971 കോടിയുടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിടാന്‍ പ്രധാനമന്ത്രി

single-img
5 December 2020

പുറത്ത് കര്‍ഷക സമരം ശക്തിപ്രാപിക്കവേ രാജ്യത്തിനായി 971 കോടിയുടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കലിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മാസം 10 ന് പ്രധാനമന്ത്രി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിടുമെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള പ്രഖ്യാപിച്ചു. ഏകദേശം 64,500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പുതിയ കെട്ടിടം 971 കോടി രൂപ ചെലവിലാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഇപ്പോഴുള്ള പാര്‍ലമെന്റ് മന്ദിരം 100 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. പകരം ആത്മനിര്‍ഭര്‍ ഭാരതിന്റെ കീഴില്‍ നമ്മുടെ ആളുകള്‍ തന്നെ നിര്‍മ്മിക്കുന്ന കെട്ടിടമായിരിക്കും ഇവിടെ പുതുതായി ഉയരാന്‍ പോകുന്നത്. അത് നമ്മുടെ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തും’.- ഓം ബിര്‍ള പറഞ്ഞു.

പുതിയപാര്‍ലമെന്റ് കെട്ടിടം ഭൂകമ്പത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതായിരിക്കുമെന്നും 2000 ആളുകള്‍ ഇതിന്റെ നിര്‍മ്മാണത്തില്‍ നേരിട്ടും 9,000 പേര്‍ അല്ലാതെയും പങ്കാളികളാകുമെന്നും ബിര്‍ള കൂട്ടിച്ചേര്‍ത്തു.