ആണവ ശാസ്ത്രജ്ഞന്റെ കൊലപാതകം; അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം സങ്കീർണമാക്കുമെന്നും ഇറാന്റെ അണ്വായുധ നിർമ്മാണം അനുവദിക്കാൻ കഴിയില്ലെന്നും ബൈഡൻ

single-img
5 December 2020

ഇറാനിലെ അറിയപ്പെടുന്ന ആണവ ശാസ്ത്രജ്ഞനായ മുഹ്‌സിൻ ഫഖ്‌രിസദേയുടെ കൊലപാതകം അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധത്തെ സങ്കീർണമാക്കുമെന്ന് നിയുക്ത യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. കൊലപാതകത്തിന് പിന്നിൽ ഇസ്രയേലാണെന്ന് മുതിർന്ന യുഎസ് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബൈഡന്റെ പ്രതികരണം.

ഇറാനുമായി ഇനിയുള്ള ചർച്ചകളും മറ്റു നീക്കങ്ങളും എല്ലാം വളരെ ബുദ്ധിമുട്ടാകുമെന്നും സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ ബൈഡൻ പറഞ്ഞു. അണ്വായുധങ്ങൾ നിർമിക്കാൻ ഇറാനെ അനുവദിക്കാൻ ഞങ്ങൾക്ക് കഴിയില്ല എന്നതാണ് ഏറ്റവും പ്രധാന കാര്യമെന്നും ബൈഡൻ ഓർമിപ്പിച്ചു. ഇറാനുമായുള്ള മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ആണവകരാറിന് സഹായം നല്‍കിയ വ്യക്തിയാണ് ബൈഡൻ. എന്നാൽ 2015 ലെ ആണവ കരാറിൽ നിന്ന് അമേരിക്കയെ പിൻ‌വലിച്ചതിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ബൈഡൻ വിമർശിക്കുകയും ചെയ്തു.

അവർക്ക് കൂടുതൽ അണ്വായുധങ്ങൾ നിർമിക്കാനുള്ള അവസരം നൽകുകയാണ് ട്രംപ് ചെയ്തത്. കരാർ പിൻവലിച്ചതോടെ അവർക്ക് കൂടുതൽ അണ്വായുധ സാമഗ്രികൾ നിർമിക്കാനുള്ള ശേഷി വർധിപ്പിക്കാനായി. ഒരു അണ്വായുധത്തിന് ആവശ്യമായ വസ്തുക്കൾ കൈവശം വയ്ക്കാനുള്ള ശേഷിയിലേക്ക് അവർ കൂടുതൽ അടുക്കുകയാണ്. അണ്വായുധ മിസൈൽ നിർമാണവും വർധിച്ചെന്ന് ബൈഡൻ പറഞ്ഞു.

ഇറാനുമായുള്ള ബന്ധം ശക്തമാക്കാൻ യുഎസിന് മറ്റു രാജ്യങ്ങളുടെ സഹായം ആവശ്യമാണെന്നും അടുത്ത പ്രസിഡന്റ് ഊന്നിപ്പറഞ്ഞു. തന്റെ ഭരണത്തിൽ റഷ്യയുമായും ചൈനയുമായും ചേർന്ന് നിരവധി വിഷയങ്ങളിൽ ഒന്നിച്ച് പ്രവർത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Content: Biden says killing of Iranian scientist will complicate ties