ഭഗവത് ഗീത സ്‌കൂള്‍ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ഹർജി; തള്ളി അലഹബാദ് ഹൈക്കോടതി

single-img
28 November 2020

ഭഗവത് ഗീതയെ സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് ആവശ്യപ്പെടുന്ന പൊതുതാല്‍പര്യ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ പങ്കജ് മിത്തല്‍, സൗരഭ് ലാവണ്യ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ബ്രഹ്മ ശങ്കര്‍ ശാസ്ത്രി എന്ന വ്യക്തിയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഹര്‍ജി തള്ളിയ ശേഷം കോടതി ശാസ്ത്രിയോട് ആവശ്യമെങ്കില്‍ ഉത്തര്‍പ്രദേശ് വിദ്യാഭ്യാസ വകുപ്പിനെ സമീപിക്കാന്‍ ആവശ്യപ്പെട്ടു. നമ്മുടെ സമൂഹത്തിന്റെ പൊതുവിലുള്ള താല്‍പര്യം മുന്‍നിര്‍ത്തി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പാഠ്യവിഷയമായി ഭഗവത് ഗീത പഠിപ്പിക്കണമെന്നായിരുന്നു ഹര്‍ജിയില്‍ ഇയാള്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ ഹര്‍ജി അവ്യക്തവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്നും സിലബസിലെ വിഷയങ്ങളിലൊന്നായി ഭഗവദ് ഗീതയെ ഉള്‍പ്പെടുത്താന്‍ അപേക്ഷകന് താല്‍പ്പര്യമുണ്ടെങ്കില്‍, ബോര്‍ഡ് ഓഫ് ഹൈസ്‌കൂള്‍, ഇന്റര്‍മീഡിയറ്റ് എഡ്യൂക്കേഷന്‍, ഉത്തര്‍പ്രദേശ് അല്ലെങ്കില്‍ ബന്ധപ്പെട്ട മറ്റേതെങ്കിലും ബോര്‍ഡ് അതുമല്ലെങ്കില്‍ യൂണിവേഴ്‌സിറ്റി പോലുള്ള ഉചിതമായ അധികാരിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.