ഇറാന്റെ ആണവ ബുദ്ധി കേന്ദ്രം മൊഹ്സിൻ ഫക്രിസാദെ കൊല്ലപ്പെട്ടു; കൊലപാതകത്തിന് പിന്നിൽ ആരായാലും തിരിച്ചടിക്കുമെന്ന് ഇറാൻ

single-img
28 November 2020
Iran's nuclear scientist Mohsen Fakhrizadeh killed

ഇറാന്റെ ഉന്നത ആണവശാസ്ത്രജ്ഞന്‍ മൊഹ്സിൻ ഫക്രിസാദെ കൊല്ലപ്പെട്ടു. തലസ്ഥാനമായ ടെഹ്റാനിലൂടെ മൊഹ്സിൻ സഞ്ചരിച്ച കാറിന് നേരെ ആക്രമികൾ ബോംബെറിഞ്ഞ ശേഷം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ ഇസ്രയേല്‍ ചാരസംഘടനയെന്ന് സൂചന.

മൊഹ്സീനെ അംഗരക്ഷകര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായിരുന്നതിനാൽ ജീവന്‍ രക്ഷിക്കാനായില്ല. മൊഹ്സിൻ ഫക്രിസാദെയുടെ കൊലപാതകം ഏറ്റവും വലിയ പ്രകോപനമായാണ് കണക്കാക്കുന്നതെന്ന് ഇറാൻ റെവല്യൂഷനറി ​ഗാർഡ് തലവൻ ഹൊസെയിൻ സലാമി പറഞ്ഞു. പശ്ചിമേഷ്യയിലെ മോശം രാഷ്ട്രീയ സാഹചര്യത്തിനിടയിലാണ് മൊഹ്സിന്റെ കൊലപാതകം സംഭവിച്ചിരിക്കുന്നത്.

ഇറാന്‍ ആണവ, മിസൈല്‍ പദ്ധതികളുടെ ബുദ്ധികേന്ദ്രമായിരുന്ന മൊഹ്സീന്‍ ഫക്രിസദേ അമേരിക്കയുടെയും ഇസ്രയേലിന്റെയും ഹിറ്റ്ലിസ്റ്റിലുണ്ടായിരുന്നു. അണുബോംബ് ഉണ്ടാക്കാനുളള ഇറാന്റെ രഹസ്യപദ്ധതിയുടെ നേതൃത്വം ഫക്രിസാദെഹ് ആണെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ ആരോപിച്ചിരുന്നു.

കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തി, ഉടന്‍ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ ഇന്നലെ പ്രതികരിച്ചിരുന്നു. യു.എസിലെ ട്രംപ് ഭരണകൂടത്തിന്റെ അവസാനനാളുകളിലുണ്ടായ കൊലപാതകത്തോടെ മധ്യപൂര്‍വേഷ്യയിലെ സംഘര്‍ഷ സാധ്യത ഉയര്‍ന്നു.

ഇസ്ലാമിക് റവലൂഷനറി ഗാര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഫക്രിസാദെഹ് ഫിസിക്സ് പ്രൊഫസറായിരുന്നു. 2018ല്‍ ഇറാന്റെ ആണവപദ്ധതികളെപ്പറ്റിയുളള ചര്‍ച്ചയില്‍ ഫക്രിസാദെഹിന്റെ പേര് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രത്യേകം പരാമര്‍ച്ചിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇറാന്റെ നാല് ആണവശാസ്ത്രജ്ഞര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.