താഴേതട്ടിലെ ബന്ധങ്ങൾ കോൺഗ്രസിന് നഷ്ടപ്പെട്ടു; ഫൈവ് സ്റ്റാർ സംസ്കാരം ഉപേക്ഷിക്കാതെ രക്ഷപെടാനാകില്ല: ഗുലാം നബി ആസാദ്
ഇപ്പോൾ കൊണ്ടുനടക്കുന്ന ഫൈവ് സ്റ്റാർ സംസ്കാരം ഉപേക്ഷിക്കാതെ കോൺഗ്രസിന് രാജ്യത്ത് ഇനി രക്ഷപ്പെടാനാവില്ലെന്ന് മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. നേതാക്കൾക്ക് ആർക്കും ഇപ്പോൾ വഴിയിലിറങ്ങി നടക്കാൻ പോലും ബുദ്ധിമുട്ടാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് കിട്ടിയാൽ നേതാക്കൾ ആദ്യം ചെയ്യുക ഫൈവ് സ്റ്റാർ ഹോട്ടൽ ബുക്ക് ചെയ്യുകയാണ്.
സമൂഹത്തിലെ താഴേതട്ടിലെ ബന്ധങ്ങൾ കോൺഗ്രസിന് നഷ്ടപ്പെട്ടു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്ത് കോൺഗ്രസിന് പുതിയ ദേശീയ അധ്യക്ഷനെ ഉടൻ തെരഞ്ഞെടുത്തേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് ഗുലാം നബി ആസാദിന്റ പ്രതികരണം.
പാർട്ടിയുടെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി യോഗം ചൊവ്വാഴ്ചയാണ് ചേരുക. മുതിർന്ന നേതാവ് മധുസൂദനൻ മിസ്ത്രി അധ്യക്ഷനായ സമിതി ചർച്ച ചെയ്യും. വോട്ടെടുപ്പിന് ഡിജിറ്റൽ ഐ ഡി നൽകുന്ന കാര്യം യോഗം ആലോചിക്കും.