കോടിയേരി ബാലകൃഷ്ണൻ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു; എ. വിജയരാഘവന് താൽക്കാലിക ചുമതല

single-img
13 November 2020
Kodiyeri Balakrishnan CPM state secretary

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്ഥാനമൊഴിഞ്ഞു. ആരോഗ്യപരമായ കാരണങ്ങളാൽ അവധി അനുവദിക്കണമെന്ന് ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. ഇടത് മുന്നണി കൺവീനര്‍ എ വിജയരാഘവനാണ് പകരം ചുമതല.

സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ കോടിയേരി ആരോഗ്യകാരണം ചൂണ്ടിക്കാട്ടി സ്ഥാനം ഒഴിയുകയാണെന്ന് അറിയിക്കുകയായിരുന്നു. “സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തുടര്‍ ചികിത്സ ആവശ്യമായതിനാൽ സെക്രട്ടറി ചുമതലയിൽ നിന്ന് അവധി അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. സെക്രട്ടറിയുടെ ചുമതല എ വിജയരാഘവൻ നിര്‍വ്വഹിക്കുന്നതാണ്.” – സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിൽ പറയുന്നു.

ബെംഗളുരൂ മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടിൽ മകൻ ബിനീഷ് കോടിയേരിക്കെതിരായ കടുത്ത ആരോപണങ്ങളും എൻഫോഴ്സ്മെന്‍റ് കേസും ജയിലിൽ കഴിയേണ്ടിവരുന്ന പശ്ചാത്തലവും എല്ലാം നിലനിൽക്കെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ കോടിയേരി ബാലകൃഷ്ണൻ തീരുമാനിക്കുന്നത്.

തദ്ദേശ തെര‍ഞ്ഞെടുപ്പ് അടക്കം നിര്‍ണ്ണായക ഘട്ടത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ തീരുമാനിക്കുന്നത്.

ചികിത്സ ആവശ്യത്തിനാണ് അവധിയിൽ പോകുന്നത് എന്നിരിക്കെ സാങ്കേതികമായും സംഘടനാപരമായും കോടിയേരിയുടെ പിൻമാറ്റം ന്യായീകരിക്കാൻ സിപിഎമ്മിന് കഴിയും. അവധിയെന്ന നിലയിലാണ് പരിഗണിക്കുന്നത് എന്ന നിലപാടാണ് സിപിഎം ദേശീയ നേതൃത്വത്തിനും ഉള്ളത്.

ബിനീഷ് വിഷയത്തിൽ ഒറ്റപ്പെട്ടു. മുഖ്യമന്ത്രിയും മറ്റ് നേതാക്കളും വരെ തളളിപ്പറഞ്ഞു. സ്വമേധയാ മാറാൻ തീരുമാനിച്ചത് ഇക്കാരണത്താൽ ആണെന്നാണ് വിവരം. പകരം ചുമതലക്കാരനായി എ വിജയരാഘവനെ നിര്‍ദ്ദേശിച്ചതും കോടിയേരി തന്നെയാണ്