കോതമംഗലം പള്ളിക്കേസിൽ സാവകാശം വേണമെന്ന് സർക്കാർ; കേന്ദ്രസേനയെ വിളിക്കുമെന്ന് കോടതി

single-img
9 November 2020

കോതമംഗലം പള്ളിക്കേസിൽ വിധി നടപ്പാക്കാൻ സാവകാശം വേണമെന്ന സർക്കാർ ആവശ്യത്തിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സർക്കാർ പക്ഷം പിടിക്കുന്നുവെന്നും അത് ശരിയല്ലെന്നും കോടതി വിമർശിച്ചു. കേസിൽ ഓർത്തഡോക്സ് സഭ നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കവേയാണ് സർക്കാരിനെ ഹൈക്കോടതി വിമർശിച്ചത്.

അതേസമയം തദ്ദേശ തിരഞ്ഞെടുപ്പ്, ശബരിമല തീർഥാടനകാലം എന്നിവയുടെ പശ്ചാത്തലത്തിൽ പള്ളി ഏറ്റെടുത്ത് കൈമാറാൻ പോലീസ് സേനയുടെ കുറവുണ്ടെന്നാണ് വാദം. എന്നാൽ സർക്കാർ ഈ നിലപാട് തുടർന്നാൽ കേന്ദ്രസേനയെ വിളിക്കേണ്ടിവരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകി. വിധി നടപ്പാക്കാൻ സാവകാശം വേണമെന്നാണ് സർക്കാർ വീണ്ടും ആവശ്യപ്പെട്ടത്. എന്നാൽ നേരത്തേയും കോവിഡിന്റെ പേര് പറഞ്ഞ് പള്ളി കൈമാറുന്നത് വൈകിപ്പിച്ചു, ഇനിയും അത് അനുവദിക്കില്ലെന്നും ആവശ്യമെങ്കിൽ പള്ളി ഒഴിപ്പിക്കാൻ കേന്ദ്രസേനയെ വിളിക്കാൻ അറിയാമെന്നും കോടതി പറഞ്ഞു.

വിഷത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കാൻ അഡീഷണൽ സോളിസിറ്റർ ജനറലിനോട് നാളെ കോടതിയിൽ ഹാജരാവണമെന്ന് നിർദേശം നൽകി. നാളെ ഈ കേസ് വീണ്ടും കോടതി പരിഗണിക്കും.കോതമംഗലം പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് സഭയ്ക്ക് കൈമാറുന്നതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ നേരത്തെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. വിധി നടപ്പാക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു നടപടി.