പൊലീസ് കുറ്റപത്രം സമർപ്പിച്ചില്ല: ട്രഷറി തട്ടിപ്പ് കേസിലെ പ്രതിയ്ക്ക് ജാമ്യം

single-img
8 November 2020
treasury fraud case ട്രഷറി തട്ടിപ്പ് കേസ്

തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് കേസിൽ മുൻ ട്രഷറി ജീവനക്കാരനും ബാലരാമപുരം സ്വദേശിയുമായ എം.ആർ.ബിജുലാലിന് ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. പ്രതിയെ പിടികൂടി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സർക്കാരിന്റെ വീഴ്ച കാരണമാണ് പ്രതിക്കു ജാമ്യം ലഭിച്ചത്

അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ ഏതൊരു പ്രതിക്കും സ്വാഭാവിക ജാമ്യത്തിനു നിയമപരമായി അവകാശമുണ്ട്. 2020 ഓഗസ്റ്റ് അഞ്ചിന് അറസ്റ്റുചെയ്ത ബിജുലാൽ കഴിഞ്ഞ ചൊവ്വാഴ്ച 90 ദിവസം പൂർത്തിയാക്കിയിരുന്നു. എന്നാൽ പ്രതിയെ അറസ്റ്റുചെയ്ത് 90 ദിവസം പൂർത്തിയായിട്ടും ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണസംഘത്തിനു കഴിഞ്ഞിരുന്നില്ല.

വഞ്ചിയൂർ സബ് ട്രഷറി ഓഫീസിലെ സീനിയർ അക്കൗണ്ടന്റ് ഓഫീസറായിരുന്ന ബിജുലാൽ 2019 ഫെബ്രുവരി 23 മുതൽ 2020 ജൂലായ് 31 വരെയുള്ള കാലയളവിൽ 2,73,99,900 രൂപ തട്ടിയെടുത്ത് സർക്കാരിനെ കബളിപ്പിച്ചുവെന്നായിരുന്നു കേസ്.

തട്ടിയെടുത്ത പണം സ്കൂൾ അധ്യാപികയായ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലൂടെയാണ് മാറ്റിയെടുത്തിരുന്നത്. ഈ പണം ഉപയോഗിച്ച് ഓൺലൈൻ റമ്മി കളിച്ചിരുന്നതായും അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇയാളുടെ ഭാര്യയാണ് കേസിലെ രണ്ടാം പ്രതി. തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ സർക്കാർ സർവീസിൽനിന്നു പിരിച്ചുവിട്ടിരുന്നു.

ഇതുകൂടാതെ ക്യാഷ് കൗണ്ടറിൽ നിന്നും ബിജുലാല്‍ പണം മോഷ്ടിച്ചുവെന്നും കണ്ടെത്തി. പിടിക്കപ്പെടുമെന്നായപ്പോള്‍ ബിജുലാല്‍ ഈ പണം ക്യാഷ്യറുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതായും കണ്ടെത്തിയിരുന്നു.

Content: Kerala Treasury financial fraud case accused Bijulal gets bail due to no charge sheet bail after 90 days; Cops criticized