കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പായി; പരാതിക്കാരന്‍ പരാതി പിന്‍വലിച്ചു

single-img
2 November 2020

കമ്പനിയിൽ പാർട്ണർ ആക്കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് ബിജെപി നേതാവും മുൻ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരനെതിരെ(Kummanam Rajasekharan) ഉയർന്ന പരാതി ഒത്തു തീർപ്പായി. പരാതിയിന്മേൽ ആറന്മുള പൊലീസ്(Aranmula Police) കേസെടുത്തിരുന്നു. പരാതിക്കാരന്‍ ഹരികൃഷ്ണന്‍ പരാതി പിന്‍വലിച്ചതിനെ തുടർന്ന് കേസ് ഒത്തുതീർപ്പാക്കി.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായത് പാര്‍ട്ടിക്ക് വലിയ തലവേദനയായിരുന്നു

ആറന്മുള സ്വദേശിയായ ഹരികൃഷ്ണൻ(Harikrishnan) എന്നയാളിൽ നിന്ന് 28.75 ലക്ഷം രൂപ തട്ടിയെടുത്തെന്നതായിരുന്നു പരാതി.പരാതിക്കാരന് കിട്ടാനുള്ള പണം മുഴുവന്‍ തിരികെ നല്‍കിയതോടെയാണ് കേസ് ഒത്തുതീര്‍പ്പായത്. കുമ്മനം പ്രതിയായ കേസില്‍ ബി.ജെ.പിയുടെ അടക്കം ഇടപെടല്‍ കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് ഉണ്ടായിരുന്നു.

പ്ലാസ്റ്റിക് രഹിത കോട്ടൺ ബാനർ (Plasticless cotton banner) നിർമ്മിക്കുന്ന ഫാക്ടറി തുടങ്ങി അതിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തത്. കുമ്മനം രാജശേഖരന്റെ പിഎ പ്രവീണിന്റെ (Praveen) നേതൃത്വത്തിലായിരുന്നു തട്ടിപ്പെന്ന് പരാതിക്കാരൻ ആരോപിക്കുന്നു.