കേന്ദ്ര ഏജൻസികൾ അടിസ്ഥാന അന്വേഷണ തത്വങ്ങളിൽ നിന്നും വ്യതിചലിക്കുന്നു: മുഖ്യമന്ത്രി

single-img
2 November 2020

കേരളം നടത്തുന്ന വികസന പദ്ധതികളെ താറടിച്ച് കാട്ടാനും അതിനെ അട്ടിമറിക്കാനാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള അന്വേഷണ ഏജൻസികൾ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുകയാണെന്നും സർക്കാരിന്റെ അവകാശങ്ങളെ ഇരുട്ടിൽ നിർത്തുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയെ കേന്ദ്ര ഏജൻസികൾ വഴി താറടിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഈ ഇടപെടലുകളെ അത്ര സ്വാഭാവികം എന്ന നിലയിൽ കാണാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ത്തുകൊണ്ട് സംസ്ഥാനത്തിന്റെ പദ്ധതികളെ തകർക്കുക എന്ന ഗൂഢലക്ഷ്യം രാഷ്ട്രീയ പ്രതിയോഗികൾക്ക് ആകാം. എന്നാല്‍ അത് അന്വേഷണ ഏജൻസികൾക്ക് ആകാമോ എന്നതാണ് നമ്മുക്ക് മുന്നിലുള്ള മർമ്മ പ്രധാനമായ ചോദ്യം.

ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുകയും രാഷ്ട്രീയ നേതൃത്വത്തെ കരിവാരി തേയ്ക്കുകയും ചെയ്യുന്ന കൃത്യമല്ല അന്വേഷണ ഏജൻസികൾ ചെയ്യേണ്ടത്. സത്യവാചകം ചൊല്ലി ഒരാൾ നൽകുന്ന മൊഴി എങ്ങനെയാണ് ഇത്രയധികം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്?’ മുഖ്യമന്ത്രി ചോദിക്കുന്നു.

അന്വേഷണം തികച്ചും ന്യായയുക്തമായി നടക്കുമെന്നാണ് സർക്കാർ പ്രതീക്ഷിച്ചതെന്നും എന്നാൽ ഏജൻസികളുടെ പ്രവർത്തനം അത്തരം പ്രതീക്ഷകൾ ആസ്ഥാനത്താക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈരീതിയിലുള്ള അന്വേഷണമല്ല സമൂഹം പ്രതീക്ഷിക്കുന്നത്.

സംസ്ഥാന സർക്കാരിനെ കുറ്റവാളി എന്ന നിലയിലാണ് കേന്ദ്ര ഏജൻസികൾ കാണുന്നത്. കേന്ദ്ര ഏജൻസികൾ അടിസ്ഥാന അന്വേഷണ തത്വങ്ങളിൽ നിന്നും വ്യതിചലിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. വളരെ സെലക്ടീവായാണ് ഏജൻസികളിൽ നിന്നും വിവരങ്ങൾ ചോരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.