ഫേസ്ബുക്ക് ഇന്ത്യയുടെ പബ്ലിക്ക് പോളിസി ഡയറക്ടര്‍ രാജിവെച്ചു; ഇനി പൊതുപ്രവര്‍ത്തന രംഗത്തേക്ക്
ഫേസ്ബുക്ക് ഇന്ത്യയുടെ പബ്ലിക്ക് പോളിസി ഡയറക്ടര്‍ അങ്കി ദാസ് കമ്പനിയില്‍ നിന്നും രാജിവെച്ചു. ഇന്ത്യയില്‍ ഫേസ്ബുക്ക് സ്വീകരിച്ച ബിജെപി അനുകൂല നിലപാടുകളുമായി ബന്ധപ്പെട്ട് അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ അങ്കി ദാസിനെതിരെയും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് അങ്കി ദാസിന്റെ രാജി സംബന്ധിച്ച വാര്‍ത്തകള്‍ ഇപ്പോള്‍ പുറത്തുവരുന്നത്.
പക്ഷെ ഫേസ്ബുക്ക് വിദ്വേഷപ്രസംഗങ്ങളുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളാണ് അങ്കി ദാസിന്റെ രാജിയിലേക്ക് നയിച്ചതെന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഫേസ്ബുക്ക് മേധാവികള്‍ അറിയിച്ചു. ഇനി പൊതുപ്രവര്‍ത്തന രംഗത്തേക്കിറങ്ങാന്‍ അവര്‍ സ്വമേധയാ രാജിവെയ്ക്കുകയായിരുന്നുവെന്നാണ് കമ്പനി നല്കിയ ഔദ്യോഗിക വിശദീകരണം.
‘പൊതുസേവനം ചെയ്യാന്‍ ഫേസ്ബുക്കില്‍ നിന്നും അങ്കി ദാസ് രാജിവെച്ചു. ഇന്ത്യയില്‍ ഞങ്ങളുടെ ആദ്യകാല ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു അങ്കി. അവസാന 9 വര്‍ഷമായി കമ്പനിയുടെയും സേവനങ്ങളുടെയും വളര്‍ച്ചയില്‍ ഒരു പ്രധാന പങ്ക് അവര്‍ വഹിച്ചു.
അതേപോലെ തന്നെ കഴിഞ്ഞ 2 വര്‍ഷമായി അവര്‍ എന്റെ നേതൃത്വത്തിലുള്ള ടീമിന്റെ ഭാഗമാണ്. കമ്പനിയ്ക്കായി മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അങ്കിയുടെ ഭാവിക്ക് ഏറ്റവും മികച്ചത് നേരുന്നു’- ഫേസ്ബുക്ക് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ അജിത് മോഹന്‍ പറഞ്ഞു.