ആയുധപൂജയുടെ പേരിൽ തോക്ക് അടക്കമുള്ള മാരകായുധങ്ങൾ പ്രദർശിപ്പിച്ച് പ്രതീഷ് വിശ്വനാഥിന്റെ കൊലവിളി

single-img
24 October 2020
pratheesh viswanath facebook post gun

ആയുധപൂജയുടെ പേരിൽ തോക്കുകളടക്കമുള്ള മാരകായുധങ്ങൾ പ്രദർപ്പിച്ചിച്ച് അക്രമത്തിനാഹ്വാനം ചെയ്ത് മുൻ അന്താരാഷ്ട്ര ഹിന്ദു പരിഷദ്(Antharashtra Hindu Parishad) നേതാവും അഭിഭാഷകനുമായ പ്രതീഷ് വിശ്വനാഥ്(Pratheesh Viswanath). ആയുധം താഴെ വെയ്ക്കാന്‍ ഇനിയും സമയമായിട്ടില്ലെന്നും “ശത്രു” നമുക്കിടയില്‍ പതിയിരിക്കുവോളം ആയുധം ഉപേക്ഷിക്കുന്നത് ആത്മഹത്യാപരമാണെന്നും പ്രതീഷ് വിശ്വനാഥന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഹിന്ദുമതവിശ്വാസപ്രകാരം വിദ്യാർത്ഥികൾ പാഠപുസ്തകങ്ങളും ജോലി ചെയ്യുന്നവർ അവരുടെ പണിയായുധങ്ങളും ദേവിയുടെ മുന്നിൽ പൂജവെയ്ക്കുന്ന സന്ദർഭമാണ് നവരാത്രി. ഈ ആചാരത്തെ മുൻനിർത്തിയാണ് വിവിധ വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധയും അക്രമവുമുണ്ടാക്കുന്നതരത്തിൽ ആയുധങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് പ്രതീഷ് വിശ്വനാഥ് ഫെയ്സ്ബുക്കിലും ട്വിറ്ററിലും പോസ്റ്റുകൾ ഇട്ടിരിക്കുന്നത്.\

വിവിധയിനം വാളുകൾ, കഠാരകൾ എന്നിവ കൂടാതെ രണ്ട് റൈഫിളുകളും ഒരു പിസ്റ്റളും രണ്ട് റിവോൾവറുകളും തിരകളും പ്രതീഷ് വിശ്വനാഥ് പങ്കുവെച്ച ചിത്രങ്ങളിൽ കാണാം. തോക്കും വാളുകളും കൈവശം വെയ്ക്കുന്നതിന് ലൈസൻസ് ആവശ്യമാണ്. പരസ്യമായി അക്രമത്തിനാഹ്വാനം ചെയ്യുകയും മതസ്പർദ്ധ വളരുത്തുന്ന പ്രസ്താവന നടത്തുകയും ചെയ്യുന്നത് പതിവാക്കിയ പ്രതീഷ് വിശ്വനാഥിനെപ്പോലെയുള്ളവർക്ക് തോക്കിനും മറ്റായുധങ്ങൾക്കും ലൈസൻസ് കിട്ടിയുണ്ടോ എന്ന കാര്യവും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്.

വിശ്വഹിന്ദു പരിഷദ് പ്രവർത്തകനായിരുന്ന പ്രതീഷ് വിശ്വനാഥ് പ്രവീൺ തൊഗാഡിയയോടൊപ്പം സംഘടന വിട്ടിറങ്ങുകയും പിന്നീട് അന്താരാഷ്ട്ര ഹിന്ദു പരിഷദ് എന്ന ഹിന്ദുത്വ തീവ്രവാദസംഘടന രൂപീകരിക്കുകയും ചെയ്യുന്നയാളാണ്. ഈ സംഘടനയുടെ ദേശീയ അധ്യക്ഷനായിരുന്ന ഇയാൾ പിന്നീട് ഈ സംഘടനയും വിട്ടതായാണ് റിപ്പോർട്ട്. കടുത്ത ഹിന്ദുത്വ വർഗീയതയും തീവ്രവാദവും നിറഞ്ഞ നിലപാ‍ടുകൾ പുലർത്തുന്ന ആളായിട്ടാണ് പ്രതീഷ് വിശ്വനാഥ് അറിയപ്പെടുന്നത്.

പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം

ആയുധ പൂജ… ഞാനും നിങ്ങളും ഇന്ന് സ്വതന്ത്രരായി ആത്മാഭിമാനത്തോടെ ജീവിക്കുന്നത് ഭവാനി ദേവിക്ക് മുന്നില്‍ ഉടവാള്‍ വെച്ചു വണങ്ങി ശത്രുവിനോട് പോരാടാനുറച്ച് എഴുന്നേറ്റ വീര ശിവജിയുടെയും മറാത്തകളുടെയും വീര്യത്തിന്‍റെയും ത്യാഗത്തിന്‍റെയും തണലിലാണ്….
ആയുധം താഴെ വെയ്ക്കാന്‍ ഇനിയും സമയമായിട്ടില്ല… ശത്രു നമുക്കിടയില്‍ പതിയിരിക്കുവോളം ആയുധം ഉപേക്ഷിക്കുന്നത് ആത്മഹത്യാപരമാണ്… മറ്റൊരു പാകിസ്ഥാനോ ബംഗ്ലാദേശോ താലിബാനോ അല്ല വരും തലമുറയ്ക്ക് സമ്മാനിക്കേണ്ടതെങ്കില്‍ വിശ്രമത്തിനുള്ള സമയമല്ല ഇത്….
ദുര്‍ഗ്ഗാ ദേവി അനുഗ്രഹിക്കട്ടെ…
ജയ് ശിവാജി, ജയ് ഭവാനി…

Content: “Donot put down your weapons, enemy is hiding in between us”: Kerala Hindutva Leader Pratheesh Viswanath exhibits rifles and other lethal weapons in Facebook Post