സംസ്ഥാ‍നത്ത് അവയവമാറ്റ മാഫിയ: 35 അനധികൃത അവയവമാറ്റങ്ങൾ നടന്നെന്ന് ക്രൈം ബ്രാഞ്ച്

single-img
24 October 2020
organ transplanting mafia kerala

സംസ്ഥാനത്ത് അവയവമാറ്റ(Organ Transplantation) മാഫിയ സജീവമെന്ന് ക്രൈം ബ്രാഞ്ച്(Kerala Police Crime Branch). സംസ്ഥാനത്ത് 35 അവയവ കൈമാറ്റങ്ങളെങ്കിലും അനധികൃതമായി നടത്തിയെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. തമിഴ്നാട്ടിലേക്ക് വരെ അവയവം കൈമാറിയെന്നും കണ്ടെത്തിയിട്ടുണ്ട്.

വൃക്കമാറ്റിവെയ്ക്കുന്നതിന് മാഫിയയ്ക്ക് വൃക്കയുടെ വിലയായി നൽകിയിരുന്നത് ആറു മുതൽ പന്ത്രണ്ട് ലക്ഷം രൂപ വരെയാണെന്നും അതേസമയം പണമൊന്നും നൽകാതെ ദാതാക്കളെ കബളിപ്പിച്ച സംഭവങ്ങൾ വരെയുണ്ടായിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

സർക്കാർ സംവിധാനങ്ങളെ അട്ടിമറിക്കുന്നതിനൊപ്പം നിരക്ഷരരും നിർധനരുമായ ദാതാക്കളെ ക്രൂര ചൂഷണത്തിന് വിധേയമാക്കിയുമാണ് അവയവ കൈമാറ്റ മാഫിയയുടെ പ്രവർത്തനം. ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ തന്നെ ഇതിന്റെ തെളിവുകൾ ലഭിച്ചതോടെയാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. വൃക്ക കൈമാറ്റമാണ് മാഫിയയുടെ പ്രധാന ഇടപാട്. സംസ്ഥാനത്തെ വിവിധ ഇടങ്ങളിലായി നടന്ന 35 അവയവ കൈ മാറ്റങ്ങളെങ്കിലും  നിയമവിരുദ്ധമായിട്ടാണന്ന് ക്രൈംബ്രാഞ്ച് ഉറപ്പിക്കുന്നു. ഇങ്ങിനെ അവയവങ്ങൾ സ്വീകരിച്ചവരിൽ മലയാളികൾ മാത്രമല്ല തമിഴ് നാട്ടുകാരുമുണ്ട്. 

സ്വീകരിക്കുന്നവരോടും ദാതാക്കളോടും വില പറഞ്ഞ് ഉറപ്പിക്കുന്നത് ഏജന്റുമാരാണ്. 6 ലക്ഷം മുതൽ 12 ലക്ഷം വരെയാണ് വ്യക്ക ദാതാക്കൾക്ക് ലഭിച്ചിരുന്നത്. അവയവ കൈമാറ്റത്തെക്കുറിച്ച് കാര്യമായ അറിവില്ലാത്തവരും നിർധനരുമായവരെയാണ് ഏജന്റുമാർ സമീപിക്കുന്നത്. മുപ്പതിനും അൻപതിനും ഇടയിൽ പ്രായമുള്ള ദാതാക്കൾക്കാണ് ഡിമാന്റ്. അവർക്കാണ് പണം കൂടുതൽ ലഭിക്കുന്നത്. എന്നാൽ ആശുപത്രി ചെലവിനപ്പുറം അഞ്ച് പൈസ പോലും ലഭിക്കാതെ കബളിപ്പിക്കപ്പെട്ടവരുമുണ്ട്. 

തുശൂർ കൊടുങ്ങല്ലൂരിലെ ഒരു കോളനിയിൽ നിന്ന് മാത്രം അഞ്ചിലെറെ വൃക്ക ദാതാക്കളെ ഇവർ കണ്ടെത്തി. തൃശൂരും എറണാകുളവും ഉൾപ്പെടെ മധ്യകേരളത്തിലെ ജില്ലകളിൽ മാത്രം ദാതാക്കളെ കണ്ടെത്താനും ഇടപാട് ഉറപ്പിക്കാനുമായി പത്തിലേറെ ഏജന്റുമാരുണ്ട്. പരസ്പര ബന്ധമില്ലാത്ത ഒന്നിലേറെ സംഘങ്ങളുടെ ഭാഗമാണിവരെന്നാണ് നിഗമനം. സംശയ നിഴലിലുള്ള കൈമാറ്റങ്ങൾ കേന്ദ്രീകരിച്ച് അന്വേഷിച്ച് അവയവ മാഫിയയുടെ കണ്ണികളിലെക്കെത്താണ് ക്രൈംബ്രാഞ്ചിന്റെ ശ്രമം.

കേസിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ഡിജിപി ഉത്തരവിട്ടിട്ടുണ്ട്.

Content: Kerala Police Crime Branch found illegal Organ Transplantation mafia in the state