ആണും പെണ്ണും ചേർന്ന പക്ഷിയുടല്‍; ‘അർദ്ധനാരീശ്വര’ പക്ഷിയെ കണ്ടെത്തി

single-img
24 October 2020

ശരീരത്തില്‍ ഒരു പാതിയിൽ ആണും മറു പാതിയിൽ പെണ്ണുമായി ഒന്നര പതിറ്റാണ്ടുകൾക്ക് ശേഷം ‘അർദ്ധനാരീശ്വര സ്വഭാവമുള്ള’ ഒരു പക്ഷിയെ കണ്ടെത്തിയതിന്റെ അത്ഭുതത്തിലാണ് ബയോളജിസ്റ്റുകള്‍
യുഎസിലെ പവർ‌മിൽ നേച്ചർ റിസർവിലെ കാർനെഗി മ്യൂസിയം ഒഫ് നാച്ചുറൽ ഹിസ്റ്ററിയിലെ ഗവേഷകരാണ് ഇത് കണ്ടെത്തിയത്. ‘റോസ് ബ്രെസ്റ്റഡ് ഗ്രോസ്ബീക്ക്” എന്നാണ് ഈ പക്ഷിയുടെ പേര്.സാധാരണയായി ഈ വിഭാഗത്തിൽപ്പെട്ട ആൺ പക്ഷികളുടെ ചിറകിന്റെ ഉൾഭാഗത്ത് പിങ്ക് നിറവും പെൺ പക്ഷികൾക്ക് ഓറഞ്ച് നിറവുമാണ് കാണുന്നത് എങ്കിലും ഈ പക്ഷിയുടെ ശരീരത്തിന്റെ പാതി പിങ്കും മറുപാതി ഓറഞ്ചുമാണ്.

ഇതിനെ തുടർന്ന് നടത്തിയ നിരീക്ഷണത്തിലാണ് ‘ബൈലാറ്ററൽ ഗൈനാൻ‌ഡ്രോമോർഫിസം എന്ന പ്രത്യേക ജനിതക വ്യതിയാനമാണ്’ ആണും പെണ്ണും ചേർന്ന പക്ഷിയുടലിന് പിന്നിലെന്ന് തിരിച്ചറിഞ്ഞത്. കണ്ടെത്തിയ പക്ഷിക്ക് ഏകദേശം ഒരു വയസാണുള്ളത്. ജനനത്തിന് മുന്പ് തന്നെ പക്ഷികളുടെ മുട്ടയിലുണ്ടാകുന്ന ജനിതക മാറ്റമാണ് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമാകുന്നത്.

മുട്ടയില്‍ വെച്ച് പുരുഷ-സ്ത്രീ കോശങ്ങൾ ഒരുമിച്ച് ഒരു ഭ്രൂണത്തിന് രൂപം നൽകുന്നതാണിത്. നിലവില്‍ പക്ഷിയുടെ ശരീരത്തിൽ നിന്നും ശേഖരിച്ച തൂവൽ ഉപയോഗിച്ച് ഈ ജനിതക മാറ്റം എങ്ങിനെയാണ് സംഭവിച്ചതെന്ന് കണ്ടെത്താൻ സാധിക്കുമെന്ന് കാർനെഗി മ്യൂസിയം ഒഫ് നാച്ചുറൽ പ്രോഗ്രാം മാനേജർ ലിൻഡ്സെ അറിയിച്ചു.

ലോകത്തില്‍ തന്നെ പത്ത് ലക്ഷത്തിൽ ഒന്ന് എന്ന നിലയ്ക്കാണ് ഇത്തരത്തിലുള്ള പക്ഷികളെ കാണാറുള്ളത്. ലോകത്തില്‍ ഇതേവരെ ഇത്തരത്തിലുള്ള അഞ്ച് പക്ഷികളെ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. സ്വാഭാവികമായിപക്ഷിയുടെ ഇണ ചേരാനുള്ള കഴിവിനെ ഗൈനാൻ‌ഡ്രോമോർഫിസം ബാധിക്കും. അതുകൊണ്ടുതന്നെ ഇവയ്ക്ക് അണ്ഡാശയം ഉണ്ടോയെന്ന് അറിയില്ല.