വിജയ് രാഷ്ട്രീയ പ്രഖ്യാപനം നടത്തും എന്നാൽ ഒരു കാരണത്താലും ബിജെപിയിൽ ചേരില്ല: പിതാവ് എസ്എ ചന്ദ്രശേഖർ

single-img
21 October 2020

വളരെക്കാലമായി തമിഴ്‌നാട്ടിലും ആരാധകർക്കിടയിലും വലിയ ചർച്ചയാവുന്ന ഒന്നാണ് നടൻ വിജയുടെ രാഷ്ട്രീയ പ്രവേശനം. ഇതുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ശരിവച്ച് പിതാവും സംവിധായകനുമായ എസ്എ ചന്ദ്രശേഖർ രംഗത്തെത്തി. ജനങ്ങൾ ആവശ്യപ്പെടുന്ന സമയത്ത് വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് എസ്എ ചന്ദ്രശേഖർ പറഞ്ഞു.

രാഷ്ട്രീയ പ്രവേശനം നടത്തിയാലും ഒരു കാരണവശാലും വിജയ് ബിജെപിയിൽ ചേരില്ലെന്നും ചന്ദ്രശേഖർ അറിയിച്ചു. വിജയ് ഏതെങ്കിലും ഒരു പാർട്ടിയിൽ ചേരുകയല്ല സ്വന്തമായി ഒരു പാർട്ടി രൂപീകരിച്ചായിരിക്കും രാഷ്ട്രീയ പ്രവേശനം നടത്തുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിജയ് യുടെ മെർസൽ എന്ന സിനിമയിൽ ജിഎസ്ടി നികുതി സംവിധാനത്തെ വിമർശിച്ചുള്ള പരാമർശം വന്നതു മുതൽ ബിജെപി വിജയിക്ക് നേരെ തുടർച്ചയായി വിമർശനം ഉന്നയിച്ചിരുന്നു.

അതിന് പിന്നാലെ വന്ന ബിഗിൽ സിനിമയുടെ ചിത്രീകരണത്തിനിടെ വിജയിയെ ആദായനികുതിവകുപ്പ് ചോദ്യം ചെയ്തതും പിന്നീട് വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയതും വാർത്തയായിരുന്നു.