ഇന്ത്യന്‍ സർവകലാശാലകളിൽ ചൈനയുടെ ‘കൺഫ്യൂഷ്യസ് ക്ലാസ്’; തടയിടാന്‍ കേന്ദ്രസര്‍ക്കാര്‍


കാശ്മീരിലെ ലഡാക്കിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം തുടരുമ്പോള്‍ സുരക്ഷാ കാരണങ്ങളാല്‍ ചൈനീസ് ആപ്പുകളെ കേന്ദ്രം നിരോധിച്ചിരുന്നു. അതിന് പിന്നാലെ ചൈനീസ് കമ്പനികൾ രാജ്യത്ത് നടത്തുന്ന നിക്ഷേപങ്ങളിലും ശ്രദ്ധവയ്ക്കാനും കേന്ദ്രം തീരുമാനിച്ചിരുന്നു.
ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന അയല്‍ രാജ്യങ്ങളിൽ നിന്നുമുള്ള നിക്ഷേപങ്ങൾക്ക് അനുമതി തേടണം എന്നാണ് കേന്ദ്രം തീരുമാനം എടുത്തത്. ഇതാവട്ടെ ചൈനയെ ഉദ്ദേശിച്ച് മാത്രമായിരുന്നു. ഈ തീരുമാനത്തിന്റെ തുടര്‍ച്ചയായി ഇന്ത്യയിലെ സർവകലാശാലകളുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ധാരണാപത്രം ഒപ്പുവയ്ക്കുന്നതിനും അനുമതി നിർബന്ധമാക്കിയിരിക്കുകയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം.
ഈ തീരുമാന പ്രകാരം രാജ്യത്തെ ഏഴോളം സർവകലാശാലകളിൽ കൺഫ്യൂഷ്യസ് ക്ലാസ് ആരംഭിക്കുവാൻ ധനസഹായം നൽകുന്ന ചൈനീസ് ലാംഗ്വേജ് കൗൺസിൽ ഇന്റർനാഷണൽ നടത്തുന്ന നീക്കത്തിലും കര്‍ശനമായ പരിശോധന നടത്തുവാൻ കേന്ദ്രം തീരുമാനമെടുത്തു. മുന്‍കൂര്‍ അവലോകനം നടത്തിയതിന് ശേഷമേ ഇത്തരത്തിലുള്ള വിദ്യാഭ്യാസ പരിപാടികളുമായി മുന്നോട്ട് പോകാൻ ഇന്ത്യയിലെ സർവകലാശാലകൾക്ക് ഇനിമുതല്‍ അനുമതി ലഭിക്കുകയുള്ളു.
ചൈനയുടെ ഭാഷയും സാംസ്കാരവും പ്രചരിപ്പിക്കുവാൻ ഉദ്ദേശിച്ചുകൊണ്ടുള്ള കൺഫ്യൂഷ്യസ് ക്ലാസ് പ്രോഗ്രാമുകൾ ഇപ്പോള്‍ തന്നെ വിവിധ രാജ്യങ്ങളിൽ നടപ്പിലാക്കി വരുന്നുണ്ട്. പക്ഷെ അമേരിക്ക, ഓസ്ട്രേലിയ പോലെയുള്ള രാജ്യങ്ങൾ സംശയദൃഷ്ടിയോടെയാണ് ഇതിനെ കാണുന്നത്.