സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

single-img
14 October 2020
Asphalt road.

കേരളത്തില്‍ അടുത്ത രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നീരിക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്ന് എട്ടു ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. നാളെ, വ്യാഴാഴ്ച ആറ് ജില്ലകളിലും മഴയ്ക്കുള്ള മുന്നറിയിപ്പുണ്ട്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് നാളെ ജാഗ്രതാ നിര്‍ദേശം.

ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നല്‍ സാധ്യത കൂടി ഉള്ളതിനാല്‍ പൊതുജനങ്ങളും കുട്ടികളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കി. കേരളത്തിന്റെയും കര്‍ണാടകയുടെയും തീരങ്ങളില്‍ ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.

മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവിശാന്‍ സാധ്യത ഉള്ളതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.