കോവിഡിനൊപ്പമുള്ള ജീവിതം ശീലിച്ചു തുടങ്ങാം:ആശുപത്രിയില്‍ കോവിഡ് രോഗികള്‍ക്ക് കൂട്ടിരിക്കാന്‍ ബന്ധുവിനെ അനുവദിക്കും

single-img
12 October 2020

കോവിഡ് രോഗവ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച് സംസ്ഥാന സർക്കാർ. പൊതു ഇടങ്ങളില്‍ പരിശോധനാ കിയോസ്‌കുകള്‍ സ്ഥാപിക്കും. ഇവിടെ സര്‍ക്കാര്‍ നിരക്കില്‍ ആന്റിജന്‍ പരിശോധന നടത്താം. പദ്ധതിയുടെ പൂര്‍ണ ചുമതല ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നൽകി സർക്കാർ ഉത്തരവായി. 

പരിശോധനകള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കാകും ഈടാക്കുക. പരിശോധനാ കിയോസ്‌കുകള്‍ സര്‍ക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. മണം തിരിച്ചറിയുന്നുണ്ടോ എന്ന പരിശോധനയും നടത്തും. 

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കോവിഡ് ആന്റിജന്‍ പരിശോധനയ്ക്ക് 625 രൂപയാണ് നിരക്ക്.ആര്‍.ടി പി.സി.ആര്‍. പരിശോധനയ്ക്ക് 2750 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന നിരക്ക്. സിബിനാറ്റിന് 3000 രൂപയും ട്രൂനാറ്റിന് ആദ്യഘട്ടത്തില്‍ 1500ഉം രണ്ടാംഘട്ടം ആവശ്യമാണെങ്കില്‍ വീണ്ടും 1500ഉം അടയ്ക്കണം. ഏറ്റവും വേഗത്തില്‍ ഫലമറിയാവുന്ന സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്നതാണ് കോവിഡ്  ആന്റിജന്‍ പരിശോധന.

കോവിഡ് രോഗികള്‍ക്ക് കൂട്ടിരിക്കാന്‍ ഇനി ആശുപത്രിയില്‍ ബന്ധുവിനെ അനുവദിക്കും. ബന്ധു പൂര്‍ണ ആരോഗ്യമുള്ള ആളായിരിക്കണം. കൂട്ടിരിക്കുന്ന ആള്‍ക്ക് പിപിഇ കിറ്റ് നല്‍കുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു. 

കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞദിവസം കേരളം പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ മഹാരാഷ്ട്രയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു.