സ്കൂളുകൾ ഉടൻ തുറക്കില്ല: തുറക്കുന്നതുവരെ ഓൺലെെൻ പഠനം തടരുമെന്നു മുഖ്യമന്ത്രി

single-img
12 October 2020

സംസ്ഥാനത്ത് സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ റവ്യക്തമാക്കി. സാഹചര്യം അനുകൂലമാകുമ്പോള്‍ ഏറ്റവും അടുത്ത സമയത്ത് സ്‌കൂളുകള്‍ തുറക്കുമെന്നും അതുവരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്‌റൂമുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറിയത് പ്രഖ്യാപിക്കുന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്താകെ പൊതുമേഖലകളില്‍ നിന്ന് സര്‍ക്കാരുകള്‍ പിന്‍മാറുന്ന സാഹചര്യമുള്ളപ്പോൾ സര്‍ക്കാര്‍ ഇടപെട്ടുകൊണ്ട് വിദ്യാഭ്യാസ മേഖലയെ എങ്ങനെ ഒരു സവിശേഷമായ ജനകീയ മേഖലയാക്കി മാറ്റാം എന്ന മാതൃക കേരളം കാണിച്ചിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇത് ലോകത്തിന് മുന്നില്‍ കേരളം അവതരിപ്പിച്ച മാതൃകയാണ്. നമ്മുടെ കുഞ്ഞുങ്ങളെ കരുതിയുള്ള ഇടപെടലാണ്. നാടിന്റെ ഭാവിയെ സുരക്ഷിതമാക്കുന്നതിനുള്ള ഇടപെടലാണെന്നും ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന ബദലാണെന്നും അദ്ദേഹം പറഞ്ഞു. 

പ്രഖ്യാപനത്തോടെ, മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്‌റൂമുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി. പൊതുവിദ്യാഭ്യാസ രംഗത്ത് സംസ്ഥാനം അഭിമാനകരമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. 16,027 സ്‌കൂളുകളിലായി 3,74,274 ഡിജിറ്റല്‍ ഉപകരണങ്ങളാണ് സ്മാര്‍ട് ക്ലാസ്‌റൂം പദ്ധതിക്കായി വിതരണം ചെയ്തത്.

4752 ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലായി 45,000 ഹൈടെക് ക്ലാസ് മുറികള്‍ ഒന്നാംഘട്ടത്തില്‍ സജ്ജമാക്കി. പ്രൈമറി, അപ്പര്‍ പ്രൈമറി തലങ്ങളില്‍ 11,275 സ്‌കൂളുകളില്‍ ഹൈടെക് ലാബും തയ്യാറാക്കി. കൈറ്റിന്റെ നേതൃത്വത്തില്‍ കിഫ്ബിയുടെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.