മലയാളി സംവിധായകന്റെ ഡോക്യുമെന്ററി ലോകത്തിലെ ഏറ്റവും വലിയ ഹ്രസ്വചിത്ര മത്സരങ്ങളിലൊന്നായ മൈ റോഡ് റീലിൽ; തെരെഞ്ഞെടുക്കപ്പെട്ടത് പെല്ലറ്റ് വർഷത്തിൽ കാഴ്ച നഷ്ടപ്പെട്ട ക്യാമറാമാന്റെ കഥ പറയുന്ന ചിത്രം

single-img
9 October 2020

കശ്മീരിൽ പെല്ലറ്റ് ആക്രമണത്തിൽ കാഴ്ച നഷ്ടപ്പെട്ട ക്യാമാറാമാന്റെ കഥപറയുന്ന മലയാളി സംവിധായകന്റെ ഡോക്യുമെണ്ടറി മൈ റോഡ് റീൽ (My RØDE Reel) അന്താരാഷ്ട്ര മത്സരത്തിലേയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ടു. മലയാളി ഡോക്യുമെന്ററി സംവിധായകൻ ഗോപാൽ മേനോന്റെ (Gopal Menon) “ദി ബ്രോക്കൺ ക്യാമറ” (The Broken Camera) എന്ന മൂന്നുമിനിട്ട് ദൈർഘ്യമുള്ള ഡോക്യുമെന്ററിയാണ് മത്സരവിഭാഗത്തിലേയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

2016-ൽ കശ്മീരിൽ നടന്ന ഭരണകൂടത്തിന്റെ പെല്ലറ്റ് ആക്രമണത്തിൽ ഭാഗികമായി കാഴ്ചനഷ്ടപ്പെട്ട സുഹൈബ് മഖ്ബൂൽ ഹംസയുടെ (Xuhaib Maqbool Hamza) കഥയാണ് ഡോക്യുമെന്ററിയിൽ ചിത്രീകരിച്ചിരിക്കുന്നത്. സംഘർഷഭരിതമായ കശ്മീർ താഴ്വരയിൽ ഭരണകൂടം വർഷിച്ച പെല്ലറ്റുകളാൽ കാഴ്ച നഷ്ടപ്പെട്ടിട്ടും തന്റെ ജീവിതം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന സുഹൈബ് മഖ്ബൂൽ ഹംസയുടെ സ്ഥൈര്യവും ഇച്ഛാശക്തിയുമാണ് ഈ ചിത്രത്തിന്റെ പ്രമേയം.

ഓസ്ട്രേലിയൻ മൈക്രോഫോൺ നിർമ്മാണ കമ്പനിയായ റോഡ് (RØDE )ആണ് “മൈ റോഡ് റീൽ” (My RØDE Reel) മത്സരം നടത്തുന്നത്. വിഷ്വൽ എഡിറ്റിംഗ് സോഫ്റ്റ്വെയർ കമ്പനിയായ അഡോബി, അലക്സാ ക്യാമറകൾ നിർമ്മിക്കുന്ന അരായ്, പാനസോണിക് ലൂമിക്സ് തുടങ്ങി നിരവധി പങ്കാളികൾ ഇതിന്റെ സംഘാടകരായുണ്ട്.

2016-ൽ സുഹൃത്തും മനുഷ്യാവകാശപ്രവർത്തകനുമായ റെനി ഐലിൻ ആണ് സുഹൈബ് മഖ്ബൂൽ ഹംസയെക്കുറിച്ച് തന്നോട് പറഞ്ഞെതെന്ന് ഗോപാൽ മേനോൻ ഇവാർത്തയോട് പറഞ്ഞു. 2016 സെപ്റ്റംബറിൽ ബുർഹാൻ വാണി കൊല്ലപ്പെട്ടതിന് ശേഷം കശ്മീരിൽ നിരവധി പ്രതിഷേധസമരങ്ങൾ ഉണ്ടായി. അത്തരത്തിൽ സമാധാനപരമായി നടന്ന ഒരു പ്രതിഷേധസമരത്തിന്റെ ചിത്രങ്ങളെടുത്തുകൊണ്ടിരിക്കെയാണ് സുരക്ഷാ സൈന്യം നടത്തിയ പെല്ലറ്റ് വർഷത്തിൽ സുഹൈബിന്റെ കണ്ണിൽ പരിക്കേറ്റതെന്ന് ഗോപാൽ പറയുന്നു.

പ്രതിഷേധത്തിന്റെ ചിത്രങ്ങളെടുത്തുകൊണ്ടിരുന്ന തന്റെയടുക്കലേയ്ക്ക് വന്ന ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ അകാരണമായി തന്റെ നേർക്ക് പെല്ലറ്റ് ഗൺ ഉപയോഗിച്ച് പെല്ലറ്റ് വർഷിക്കുകയായിരുന്നു. താൻ ക്യാമറ ഉയർത്തിക്കാട്ടി ജേർണലിസ്റ്റ് ആണെന്ന് പറഞ്ഞിട്ടും അയാൾ അത് വകവെച്ചില്ലെന്നും സുഹൈബ് ഡോക്യുമെന്ററിയിൽ പറയുന്നുണ്ട്.

സുഹൈബിന് പിന്നീട് നിരവധി ശസ്ത്രക്രിയകൾ വേണ്ടിവന്നെങ്കിലും കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. ഒരു ഫോട്ടോഗ്രാഫർക്ക് തന്റെ കാഴ്ച നഷ്ടപ്പെടുക എന്നത് വലിയ മാനസികാഘാതമായിരിക്കും. ഇത് അദ്ദേഹത്തെ കടുത്ത വിഷാദത്തിലേയ്ക്ക് തള്ളിവിടുകയും അദ്ദേഹം ആത്മഹത്യ ചെയ്യാൻ സാധ്യതയുണ്ടെന്ന് മനശാസ്ത്രജ്ഞർ മുന്നറിയിപ്പ് കൊടുക്കുകയും ചെയ്തു. പിന്നീട് സുഹൈബിന്റെ കാമുകിയാണ് അദ്ദേഹത്തെ സ്നേഹവും പരിചരണവും കൊണ്ട് സന്തോഷകരമായ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ട് വന്നത്.

“പെല്ലറ്റ് ഗൺ എന്നത് പലരാജ്യങ്ങളിലും നിരോധിക്കപ്പെട്ട ഒന്നാണ്. മൃഗവേട്ടയ്ക്ക് പോലും ഇത് ഉപയോഗിക്കുന്നതിന് പലരാജ്യങ്ങളിലും വിലക്കുണ്ട്. അത്തരമൊരു ദോഷകരമായ ആയുധമാണ് കശ്മീരിൽ നമ്മുടെ ഭരണകൂടം സ്വന്തം പൌരന്മാരുടെ നേർക്ക് പ്രയോഗിക്കുന്നത്.“

ഗോപാൽ മേനോൻ പറയുന്നു.

സുഹൈബ് മക്ബൂൽ ഹംസ മികച്ച ഫോട്ടോ ജേർണലിസ്റ്റ് ആയിരുന്നു. നേച്ചർ ഫോട്ടോഗ്രാഫറായും ഫാഷൻ ഫോട്ടോഗ്രാഫറായും റേഡിയോ ജോക്കിയായും എല്ലാം ജോലിചെയ്തിട്ടുള്ള അദ്ദേഹം രണ്ട് ഫീച്ചർ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

2016 മുതൽ 2019 വരെയുള്ള കാലയളവിലാണ് താൻ കശ്മീരിൽ പോയി സുഹൈബിന്റെ അനുഭവങ്ങൾ പ്രമേയമാക്കിയ ഡോക്യുമെന്ററി ചിത്രീകരിച്ചതെന്ന് ഗോപാൽ മേനോൻ പറയുന്നു. ഇത് അൽപ്പം ദൈർഘ്യമുള്ള ഡോക്യുമെന്ററി ആയി ചിത്രീകരിച്ചതാണ്. എന്നാൽ റോഡ് റീൽ മത്സരത്തിൽ മൂന്ന് മിനിട്ട് ദൈർഘ്യമുള്ള ഡോക്യുമെന്ററിയാണ് ആവശ്യമെന്നതിനാലാണ് അത്തരത്തിൽ കുറഞ്ഞ ദൈർഘ്യമുള്ള ഒരു ഡോക്യുമെന്ററി നിർമ്മിച്ചതെന്നും ഗോപാൽ പറയുന്നു.

കശ്മീരിൽ അതിർത്തി രക്ഷാസേന നടത്തിയിരുന്ന “പാപ്പ 2” (Papa II) എന്ന തടവുകേന്ദ്രവുമായി ബന്ധപ്പെട്ട് നിരവധി കശ്മീരി പൌരന്മാരെ കാണാതായിരുന്നു. ഈ വിഷയം കൈകാര്യം ചെയ്യുന്ന “പാപ്പ 2” എന്ന ഡോക്യുമെന്ററി ഗോപാൽ 2000-ലാണ് റിലീസ് ചെയ്തത്. നാഗാലാൻഡിലെ നാഗാ വിഭാഗം ജനങ്ങൾ നേരിടുന്ന മനുഷ്യാവകാശ പ്രശ്നങ്ങൾ തുറന്ന് കാട്ടുന്ന “നാഗാസ്റ്റോറി: ദി അദർ സൈഡ് ഓഫ് ദി സൈലൻസ്” (Naga Story: The Other Side of Silence) എന്ന ഡോക്യുമെന്ററി നിരവധി അന്താരാഷ്ട്രമേളകളിൽ പ്രദർശിപ്പിക്കപ്പെട്ടിരുന്നു. വർഗീയതയുടെ രാഷ്ട്രീയം, ജാതിവിഷയങ്ങൾ എന്നിങ്ങനെ നിരവധി വിഷയങ്ങൾ പ്രമേയമാക്കി ഏതാണ്ട് ഇരുപതോളം ഡോക്യുമെന്ററികളാണ് ഗോപാൽ സംവിധാനം ചെയ്തിട്ടുള്ളത്.

മൈ റോഡ് റീൽ മത്സരത്തിൽ ഗോപാൽ മേനോന്റെ ഡോക്യുമെന്ററിയ്ക്ക് വോട്ട് രേഖപ്പെടുത്താൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

Content: Malayali director Gopal Menon’s The Broken Camera featuring Xuhaib Maqbool Hamza- a Kashmiri photographer blinded by pellet attack- has been listed for My Rode Reel competition of RODE