മുഖ്യമന്ത്രി തന്നെ കള്ളം പറയുമ്പോൾ എന്ത് വ്യാജ വാർത്ത: രമേശ് ചെന്നിത്തല
കെ.എം. ബഷീർ കാറിടിച്ചു കൊല്ലപ്പെട്ട സംഭവത്തിൽ സസ്പെൻഷനിലായശേഷം സർവീസിൽ തിരിച്ചെത്തിയ ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശ്രീറാം വെങ്കിട്ടരാമന്റെ പുതിയ നിയമന ഉത്തരവ് പിൻവലിക്കണമെന്ന് രമേശ് ചെന്നിത്തല ആാവശ്യപ്പെട്ടു. മുഖ്യമന്ത്രിതന്നെ കള്ളം പറയുന്പോൾ എന്തു വ്യാജവാർത്ത കണ്ടെത്താനാണെന്നാണ് ചെന്നിത്തലയുടെ പരിഹാസം. വ്യാജവാർത്തകൾ കണ്ടെത്താനുള്ള സമിതി അംഗമായിട്ടാണ് ശ്രീറാമിൻ്റെ നിയമനം.
ആരോഗ്യവകുപ്പിന്റെ പ്രതിനിധിയായാണു പിആർഡിയുടെ ഫാക്ട് ചെക്ക് ഡിവിഷനിലേക്കു ശ്രീറാമിനെ നാമനിർദേശം ചെയ്തത്. മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കേസിൽ സസ്പെൻഷനിലായിരുന്ന ശ്രീറാമിനെ കഴിഞ്ഞ മാർച്ചിലാണു സർക്കാർ തിരിച്ചെടുത്തത്. ആരോഗ്യവകുപ്പിൽ ജോയിന്റ് സെക്രട്ടറിയായി നിയമിച്ച അദ്ദേഹത്തിനു കോവിഡ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന വാർ റൂമിന്റെ ചുമതലയും സിഎഫ്എൽടിസികളുടെ ചുമതലയും നൽകിയിരുന്നു.