പെണ്‍കുട്ടികളെ നല്ല മൂല്യങ്ങൾ പഠിപ്പിച്ചാല്‍ ഹഥ്‌റാസ് സംഭവങ്ങള്‍ അവസാനിപ്പിക്കാം; വിവാദ പരാമർശവുമായി ബിജെപി എംഎൽഎ

single-img
4 October 2020

മാതാപിതാക്കള്‍ പെണ്‍മക്കളില്‍ നല്ല മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുകയാണെങ്കില്‍ ഹഥ്റാസില്‍ ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ടതുപോലുള്ള സംഭവങ്ങള്‍ അവസാനിപ്പിക്കാനാകുമെന്ന വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ രംഗത്ത്. യുപിയിലെ ബല്ലിയയിൽ നിന്നുള്ള ബിജെപി എംഎൽഎ സുരേന്ദ്ര സിംഗ് ആണ് വിവാദ പരാമർശവുമായി രംഗത്തെത്തിയത്. ‘നല്ല മൂല്യങ്ങൾ ഉൾക്കൊണ്ട് മക്കളെ വളർത്തേണ്ടത് ഓരോ മാതാപിതാക്കളുടെയും കടമയാണ്’- സുരേന്ദ്ര സിംഗ് പറഞ്ഞു.

പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെടുന്നതിനുത്തരവാദി അവരുടെ സ്വഭാവ ദൂഷ്യമാണെന്ന് പറയാതെ പറയുകയാണ് അദ്ദേഹം ചെയ്തത്. സ്ത്രീകളില്‍ മൂല്യങ്ങള്‍ വളര്‍ത്തുന്നതിന് ഊന്നല്‍ നല്‍കിയ അദ്ദേഹം ഭരണത്തിനോ ആയുധങ്ങള്‍ക്കോ ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ കഴിയില്ലെന്നും കൂട്ടിച്ചേര്‍ത്തു.

“നല്ല മൂല്യങ്ങളുടെ സഹായത്തോടെ ഇതുപോലുള്ള സംഭവങ്ങള്‍ അവസാനിപ്പിക്കാം, എല്ലാ മാതാപിതാക്കളും തങ്ങളുടെ പെണ്‍മക്കളെ നല്ല മൂല്യങ്ങള്‍ പഠിപ്പിക്കണം. സര്‍ക്കാരും നല്ല മൂല്യങ്ങളും ചേര്‍ന്നാലേ രാജ്യത്തെ മനോഹരമാക്കാന്‍ കഴിയുകയുള്ളൂ”, സുരേന്ദ്ര സിങ് പറഞ്ഞു.
ഉത്തർപ്രദേശിലെ ഹാത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ ശക്തമായ ജനരോഷമുയരുന്നതിനിടെയാണ്
ബിജെപി എംഎൽഎയുടെ വിവാദ പരാമർശം.

വിവാദപരമായ പരാമർശങ്ങൾ ഇതിനു മുൻപും സുരേന്ദ്ര സിംഗ് നടത്തിയിരുന്നു. മഹാത്മാ ഗാന്ധിയെ കൊന്ന നാഥുറാം ഗോഡ്‌സെ തീവ്രവാദിയല്ലെന്നും അദ്ദേഹത്തിന് ഒരു തെറ്റ് പറ്റിപോയതാണെന്നും കഴിഞ്ഞ വർഷം അദ്ദേഹം പറഞ്ഞിരുന്നു. ക്രൂരഹൃദയയായ സ്ത്രീയാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെന്ന സുരേന്ദ്ര സിംഗിന്റെ വാക്കുകളും വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു.